ശൈഖ് ഹസീന
ധാക്ക: ശൈഖ് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ച് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് ബംഗ്ലാദേശ് സർക്കാറിന്റെ നടപടി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങുമെന്നും ബംഗ്ലാദേശ് സർക്കാർ അറിയിച്ചു.
അവാമി ലീഗിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട്, ഈയിടെ രൂപവത്കരിച്ച നാഷനൽ സിറ്റിസൺ പാർട്ടി (എൻ.സി.പി)യുടെ നേതൃത്വത്തിൽ യൂനിസിന്റെ ഔദ്യോഗിക വസതിയായ ജമുനയിലേക്ക് നടത്തിയതിന് പിന്നാലെയാണ് സർക്കാർ പ്രഖ്യാപനം. ശൈഖ് ഹസീന സർക്കാറിനെതിരെ ജനകീയ പ്രക്ഷോഭം നയിച്ച വിദ്യാർഥികളുടെ നേതൃത്വത്തിലാണ് എൻ.സി.പി രൂപവത്കരിച്ചത്.
ഭീകരവാദ പ്രവർത്തനങ്ങളുടെയും സ്വേച്ഛാധിപത്യ ഭരണത്തിന്റെയും പേരിൽ അവാമി ലീഗ് നിരോധിക്കണമെന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ജനങ്ങളുടെയും ആവശ്യം സർക്കാർ ഗൗരവമായി പരിഗണിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുമായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരുമായി കൂടിയാലോചിച്ച് വേഗത്തിൽ തീരുമാനമെടുക്കുമെന്നും ഇടക്കാല സർക്കാർ അറിയിച്ചിരുന്നു.
സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്നാണ് ശൈഖ് ഹസീനക്ക് നാടുവിടേണ്ടി വന്നത്. പ്രക്ഷോഭങ്ങൾ ശക്തമായപ്പോൾ ശൈഖ് ഹസീന ഇന്ത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു. ഇപ്പോഴും അവർ ഇന്ത്യയിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇന്ത്യ അതിന് തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.