അനധികൃത താമസം; 27 ബംഗ്ലാദേശ് സ്വദേശികൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊച്ചിയിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. എറണാകുളം റൂറൽ പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്തമായി വടക്കൻ പറവൂർ മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ വേഷത്തിൽ ബംഗ്ലാദേശ് പൗരന്മാർ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നും അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരിൽ സ്ത്രീകളും ഉണ്ട്.

ബംഗ്ലാദേശ് ബരിസാൽ ചുങ്കല സ്വദേശി റുബീന (20), ശക്തിപുർ സ്വദേശി കുൽസും അക്തർ (23) എന്നിവരിൽനിന്ന് വ്യാജ ആധാർ കാർഡ് പൊലീസ്‌ കണ്ടെടുത്തു. 2024 ഫെബ്രുവരിമുതൽ രണ്ടുപേരും കേരളത്തിലുണ്ട്. അനധികൃതമായി അതിർത്തി കടന്ന് പശ്ചിമബംഗാളിലെത്തി അവിടെനിന്ന് ഏജ​ന്റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്. യുവതികൾക്ക് ഇവിടെ സഹായം ചെയ്തവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

50 ഓളം പേരെ കസ്റ്റഡിയിലെടുത്തതിൽ 23 പേരെ ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു. പിടിയിലായവരിൽ ചില‍ർ ഒരു വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

രണ്ടാഴ്ച മുമ്പ് 28 കാരിയായ തസ്‍ലീമ ബീഗം അറസ്റ്റിലായതിനു ശേഷം എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ആരംഭിച്ച ‘ഓപ്പറേഷൻ ക്ലീൻ’ ന്റെ ഭാഗമായാണ് അറസ്റ്റുകൾ.

Tags:    
News Summary - 27 Bangladeshi nationals arrested in Kochi for illegal stay in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.