സിഡ്നി: ആസ്ട്രേലിയയിൽ ഇന്ത്യക്കാർക്ക് ആകെ നാണക്കേട് സൃഷ്ടിച്ച ബലാത്സംഗ കേസിൽ ബി.ജെ.പിയുടെ ഔദ്യോഗിക സംഘടനയായ ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പിയുടെ സ്ഥാപക നേതാവിന് സിഡ്നി കോടതി വിധിച്ചത് കടുത്ത ശിക്ഷ. മുൻ ഐ.ടി കൺസൾട്ടന്റ്കൂടിയായ ബലേഷ് ധൻകറി(44)നെ 40 വർഷം കഠിന തടവിനാണ് സിഡ്‌നിയിലെ ഡൗനിങ് സെന്റർ ജില്ല കോടതി ശിക്ഷിച്ചത്. ഇതിൽ 30 വർഷത്തേക്ക് ഇയാൾക്ക് പരോൾ പോലും നൽകരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അഞ്ച് കൊറിയൻ സ്ത്രീകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് ഇയാൾക്കെതിരായ പ്രധാന കുറ്റം. 13 ബലാത്സംഗ കുറ്റം, ആറ് ലഹരിക്കേസ്, സ്വകാര്യദൃശ്യങ്ങൾ പകർത്തിയതിന് 17 കേസ്, അസഭ്യം പറഞ്ഞതിന് മൂന്ന് കേസ് എന്നിവ ഉൾപ്പെടെ 39 കേസുകളിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്.
കൊറിയൻ ഭാഷയിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തന ജോലികൾക്കായി യുവതികളെ ആവശ്യമുണ്ട് എന്ന വ്യാജ പരസ്യം നൽകിയാണ് ധൻകർ കൊറിയക്കാരായ ഇരകളെ വലയിലാക്കിയത്. സിഡ്‌നിയിലെ ഹിൽട്ടൺ ഹോട്ടലിലെ ബാറിൽ വെച്ചായിരുന്നു ജോലി തേടിയെത്തിയവരെ അഭിമുഖം നടത്തിയത്. തുടർന്ന് ഹോട്ടലിലോ അടുത്തുള്ള അപ്പാർട്ട്മെന്റിലോ കൊണ്ടുപോയി മയക്കുമരുന്ന് നൽകി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
2018ലാണ് സംഭവം പുറംലോകമറിഞ്ഞത്. ഇരയായ കൊറിയൻ യുവതി പരാതി നൽകിയതോടെയായിരുന്നു ഇത്. തുടർന്ന് പൊലീസ് നടത്തിയ വിപുലമായ അന്വേഷണത്തിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിരവധി തെളിവുകൾ കണ്ടെടുത്തു. സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ഉപകരണങ്ങളും വീഡിയോ തെളിവുകളും മയക്കുമരുന്നുകളും വീട്ടിൽ നിന്ന് കണ്ടെത്തി.
2014 ൽ സിഡ്‌നിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീകരണം സംഘടിപ്പിക്കുന്നതിൽ ധൻകറും അദ്ദേഹം നേതൃത്വം നൽകുന്ന ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുമായിരുന്നു മുൻപന്തിയിൽ. 2006 ൽ വിദ്യാർഥിയായി ആസ്‌ട്രേലിയയിലെത്തിയ ധൻഖർ, ഇന്ത്യൻ-ആസ്‌ട്രേലിയൻ വിഭാഗത്തിലെ പൗരപ്രമുഖനായിരുന്നു.
ഹിന്ദു കൗൺസിൽ ഓഫ് ആസ്‌ട്രേലിയയുടെ വക്താവായും പ്രവർത്തിച്ചിരുന്നു. എബിസി, ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ, ടൊയോട്ട, സിഡ്‌നി ട്രെയിൻസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 2018 കേസിൽ പ്രതിയായ ശേഷമാണ് ഇയാളെ ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി തള്ളിപ്പറഞ്ഞത്.
2053 ഏപ്രിൽ വരെ പരോളില്ലാത്ത തടവ് അനുഭവിക്കേണ്ടി വരും. ശിക്ഷ പൂർണമായി അവസാനിക്കുമ്പോൾ ധൻകറിന് 83 വയസ്സ് തികയും. 21 മുതൽ 27 വയസ്സുവരെയുള്ള സ്ത്രീകളെയാണ് ഇയാൾ ക്രൂരതക്ക് ഇരയാക്കിയിരുന്നത്. അബോധാവസ്ഥയിൽ മാരകമായി പരിക്കേൽപിച്ചതായും ജില്ലാ കോടതി ജഡ്ജി മൈക്കൽ കിങ് കണ്ടെത്തി. നഗ്നദൃശ്യങ്ങൾ പകർത്തി ഇരകളെ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ദുർബലരായ സ്ത്രീകൾക്കെതിരെ നടന്ന ആസൂത്രിതവും ഭയാനകവുമായ പീഡനമാണിതെന്ന് കോടതി വിലയിരുത്തി. ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്ത് ഇതുപോലൊരു കേസ് ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.