പോർട്ട് ഔ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിലെ ആർട്ടിബോണൈറ്റ് മേഖലയിലുണ്ടായ അതിക്രൂരമായ ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70 കവിഞ്ഞതായി മനുഷ്യാവകാശ സംഘടനകൾ. ഔദ്യോഗിക കണക്കുകളേക്കാൾ ഉയർന്ന മരണസംഖ്യയാണ് പുറത്തുവരുന്നത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് 'ഗ്രാൻ ഗ്രിഫ്' എന്ന സായുധ സംഘം ജിൻ ഡെനിസ് മേഖലയിൽ ആക്രമണം നടത്തിയത്.
നേരത്തെ 16 പേർ കൊല്ലപ്പെട്ടതായാണ് പൊലീസ് അറിയിച്ചിരുന്നത്. എന്നാൽ കളക്ടീവ് ഡിഫൻഡിങ് ഹ്യൂമൻ റൈറ്റ്‌സ് സംഘടന തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ മരണസംഖ്യ കുത്തനെ ഉയരുകയായിരുന്നു. ആക്രമണത്തെത്തുടർന്ന് ആറായിരത്തോളം പേർക്ക് വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹെയ്തിയിലെ കൂട്ടക്കൊലയെ യു.എൻ സെക്രട്ടറി ജനറലിന്റെ വക്താവ് ശക്തമായി അപലപിച്ചു. മരണസംഖ്യ 10 നും 80 നും ഇടയിലാകാമെന്നാണ് യു.എൻ വിലയിരുത്തൽ. രാജ്യത്തെ സുരക്ഷാ സാഹചര്യം അങ്ങേയറ്റം ഗുരുതരമാണെന്ന് വ്യക്തമാക്കിയ വക്താവ് സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ചയും അധികൃതരുടെ നിസ്സംഗതയുമാണ് ഇത്ര വലിയ ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.
ഹെയ്തിയിലെ പ്രധാന കാർഷിക മേഖലയായ ആർട്ടിബോണൈറ്റ് ഇപ്പോൾ സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്. തലസ്ഥാനമായ പോർട്ട് ഔ പ്രിൻസിന് പുറത്തേക്ക് ഗുണ്ടാ സംഘർഷം വ്യാപിക്കുന്നതിന്റെ തെളിവാണ് ഈ ആക്രമണം. സമീപ പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകൾ ഇതിനോടകം തന്നെ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച 'ഗ്രാൻ ഗ്രിഫ്', 'വിവ് അൻസാം' എന്നീ സംഘടനകളെ വാഷിങ്ടൺ ഭീകരസംഘടനകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 30 ലക്ഷം ഡോളർ വരെ അമേരിക്ക പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്.
യു.എൻ പിന്തുണയുള്ള അന്താരാഷ്ട്ര ദൗത്യസംഘവും യു.എസ് സ്വകാര്യ സൈനിക കമ്പനിയും പ്രാദേശിക പൊലീസിനെ സഹായിക്കുന്നുണ്ടെങ്കിലും പ്രധാന ഗുണ്ടാ നേതാക്കളെ പിടികൂടാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിട്ടില്ല. 2021 മുതൽ ഹെയ്തിയിലുണ്ടായ ആഭ്യന്തര സംഘർഷങ്ങളിൽ 20,000-ത്തോളം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലാവുകയും വീടുകൾ നഷ്ടപ്പെട്ട് അഭയാർത്ഥികളാവുകയും ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.