സിഡ്നി: ലോകത്ത് മൊത്തം എത്ര പക്ഷികളുണ്ടെന്ന് അറിയാമോ?. ഏറ്റവും പുതിയ പഠനപ്രകാരം ലോകത്ത് 5000 കോടി പക്ഷികളുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ 1.6 ശതകോടി കുരുവികൾ മാത്രമുണ്ടെന്നാണ് കണക്ക്. കാളിക്കിളി (European Starling), വയൽകോതി കത്രിക (barn swallow), കടൽക്കാക്ക (ring-billed gulls) എന്നീ പക്ഷി വർഗങ്ങളുടെയും ജനസംഖ്യ ശതകോടിക്കും മേൽ വരുമെന്നാണ് കെണ്ടത്തൽ.
എന്നിരുന്നാലും, മിക്ക പക്ഷി വർഗങ്ങളും അപൂർവമാണ്. പത്തിൽ ഒന്ന് പക്ഷി വർഗങ്ങളുടെയും എണ്ണം 5,000ത്തിൽ താഴെ മാത്രമാണുള്ളത്. ആഗോള പക്ഷി ജനസംഖ്യയുടെ ഈ കണക്കുകൾ പക്ഷികളെ വംശനാശത്തിൽ നിന്ന് രക്ഷിക്കാനുള്ള സംരക്ഷണ ശ്രമങ്ങൾക്ക് സഹായകമാകുമെന്ന് ആസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ ഗവേഷക സംഘം പറയുന്നത്.
'നമ്മുടെ സ്വന്തം ജീവിവർഗങ്ങളെ കണക്കാക്കാൻ നാം ധാരാളം സമയവും പണവും ചെലവഴിക്കുന്നു, പക്ഷേ നമ്മുടെ ചുറ്റും ജീവിക്കുന്ന ഈ ജൈവ വൈവിധ്യത്തെ നാം എങ്ങനെ കണക്കാക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്' -ഗവേഷകനായ ഡോ. കോറി കല്ലഗൻ ബി.ബി.സിയോട് പറഞ്ഞു.
ലോകത്തിലുള്ള പക്ഷികളുടെ എണ്ണം കണക്കാക്കൽ ശ്രമകരമായ ദൗത്യമായിരുന്നു. 10,000 മുതൽ 13,000 വരെ പക്ഷിവർഗങ്ങളിൽ നിന്ന് 200 മുതൽ 400 ശതകോടി പക്ഷികൾ ഉള്ളതായായിരുന്നു മുൻകാല കണക്കുകൾ. കഴിഞ്ഞ പതിറ്റാണ്ടിനിെട 9,700 ഇനം ജീവനുള്ള പക്ഷികളെ (നാട്ടുപക്ഷികളെ ഒഴിവാക്കി) ഓസ്ട്രേലിയൻ ഗവേഷകർ വിശകലനം ചെയ്തു.
വിദഗ്ധരിൽ നിന്നുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ചതുൾപ്പെടെ വിവിധ ഘട്ടങ്ങളിലൂടെയാണ് ഗവേഷകർ തങ്ങളുടെ കണ്ടെത്തലുകൾ പരിഷ്കരിച്ച് കൂടുതൽ കുറ്റമറ്റതാക്കിയത്.
മിക്ക പക്ഷികളും ഉത്തരാർധഗോളത്തിലാണ് കാണപ്പെടുന്നതാണ് നാഷനൽ അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത്. യൂറോപ്പ്, വടക്കൻ ഏഷ്യ, വടക്കേ ആഫ്രിക്ക, അറേബ്യൻ ഉപദ്വീപിന്‍റെ ചില ഭാഗങ്ങൾ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലായാണിത്. മഡഗാസ്കറിലും അന്‍റാർട്ടിക്കയിലുമാണ് കുറവ് പക്ഷികളെ കാണപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.