ഗ്രീൻ കാർഡ് അഭിമുഖത്തിനിടെ 30 വർഷമായി യു.എസിൽ താമസിക്കുന്ന 60 വയസുള്ള ഇന്ത്യക്കാരിയെ കസ്റ്റഡിയിലെടുത്ത് അധികൃതർ

വാഷിങ്ടൺ: യു.എസിൽ ഗ്രീൻ കാർഡിനായുള്ള അഭിമുഖത്തിന്റെ അവസാനഘട്ടത്തിൽ 60 വയസുള്ള ഇന്ത്യൻ വംശജയെ കസ്റ്റഡിയിലെടുത്ത് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ. 1994 മുതൽ യു.എസിൽ താമസിക്കുന്ന ബബിൾ ജീത് ബലി കൗറിനെയാണ് ഗ്രീൻ കാർഡ് അപേക്ഷയുടെ ഭാഗമായുള്ള ബയോമെട്രിക് വിവരങ്ങൾ നൽകാനായി എത്തിയപ്പോൾ ഫെഡറൽ ഏജന്റുമാർ കസ്റ്റഡിയിലെടുത്തത്.

20 വർഷമായി ഭർത്താവിനൊപ്പം യു.എസിൽ റസ്റ്റാറന്റ് നടത്തിവരികയാണ് ബബ്ലി കൗർ.

നിയമപരമായ സ്ഥിരതാമസത്തിനായുള്ള അപേക്ഷയുടെ അവസാന ഘട്ടത്തിലായിരുന്നു ബയോമെട്രിക് അപ്പോയിന്റ്‌മെന്റ്. എന്നാൽ നടപടിക്രമങ്ങൾക്കിടെ അപ്രതീക്ഷിതമായി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവിൽ വിക്ടോർവില്ലെക്ക് സമീപമുള്ള അഡെലാന്റോ ഐ.സി.ഇ പ്രോസസ്സിങ് സെന്ററിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ബബ്ലി കൗറിന് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

ഡിസംബർ ഒന്നിനാണ് സംഭവം. യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കവെ, അവി​ടേക്ക് എത്തിയ ഫെഡറൽ ഏജന്റുമാർ ഇവരെ വിളിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിക്കുകയും ചെയ്തു എന്നാണ് ബബ്‍ലി കൗറിന്റെ മകൾ നൽകുന്ന വിവരം.

തന്റെ അറ്റോർണിയെ വിളിച്ച് അവർ വിവരം പറഞ്ഞുവെങ്കിലും അപ്പോഴേക്കും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇക്കാര്യം കുടുംബത്തെ അറിയിച്ചില്ല. അവരെ ജയിലിലേക്ക് മാറ്റിയ കാര്യം വളരെ വൈകിയാണ് കുടുംബം അറിഞ്ഞത്.

ബബ്ലി കൗറിന്റെ മക്കൾക്ക് യു.എസിൽ സ്ഥിരതാമസത്തിന് നിയമപരമായ അവകാശമുണ്ട്.

സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.

ഇവരുടെ മോചനമാവശ്യപ്പെട്ട് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം റോബർട്ട് ഗാർസിയ രംഗത്തുവന്നു. കുടുംബവും നിയമപരമായി നീങ്ങിയിട്ടുണ്ട്. കൗറിനെ കാണാൻ കുടുംബാംഗങ്ങൾക്ക് അനുവാദം നൽകിയിട്ടുണ്ട്. 

Tags:    
News Summary - Indian Woman, 60, In US For 30 Years Detained During Green Card Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.