ബാഴ്സിലോണ: ആഭ്യന്തര സംഘർഷവും പട്ടിണിയും കാരണം യൂറോപ്യൻ രാജ്യങ്ങളിൽ അഭയം തേടുന്നവരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. യൂറോപ്യൻ യൂനിയന്റെ അഭയാർഥികൾക്കുവേണ്ടിയുള്ള ഏജൻസിയാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
നോർവേ, സ്വിറ്റ്സർലൻഡ്, 27 അംഗ യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ അഭയം തേടി 10.14 ലക്ഷം അപേക്ഷയാണ് കഴിഞ്ഞ വർഷം ലഭിച്ചത്. 2023നെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ കുറവാണിത്. ജർമനിയിൽ അഭയം തേടാനാണ് ഭൂരിഭാഗം പേരും ആഗ്രഹിച്ചത്. 2.37 ലക്ഷം അഭയാർഥികൾ ജർമനിയിലേക്ക് അപേക്ഷ നൽകി.
എന്നാൽ, 2023ലെ കണക്കിനെ അപേക്ഷിച്ച് 29 ശതമാനം ഇടിവാണ് അപേക്ഷയിലുണ്ടായത്. ജർമനിയിൽ ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ കുടിയേറ്റവിരുദ്ധരായ തീവ്രവലതുപക്ഷ പാർട്ടി വൻ വിജയം നേടിയിരുന്നു.
സിറിയക്കാരാണ് അഭയം തേടുന്നവരിൽ ഏറ്റവും കൂടുതൽ. മൊത്തം അഭയാർഥി അപേക്ഷകളിൽ 15 ശതമാനവും സിറിയക്കാരുടേതാണ് (1.51 ലക്ഷം). ബശ്ശാറുൽ അസദിന്റെ ഭരണം തകരുകയും 14 വർഷത്തെ ആഭ്യന്തര സംഘർഷം അവസാനിക്കുകയും ചെയ്തതോടെ വിദേശ രാജ്യങ്ങളിലുള്ള ലക്ഷങ്ങളാണ് നാട്ടിൽ തിരിച്ചുവരുന്നത്. അഫ്ഗാനിസ്താൻ (87,000), വെനിേസ്വല (74,000), യുക്രെയ്ൻ (44,000) തുടങ്ങിയ രാജ്യക്കാരാണ് അഭയം തേടുന്നവരിൽ രണ്ടും മൂന്നും നാലും സ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.