അപൂർവ ധാതുക്കളുമായി ഷഹബാസ് ശരീഫും അസിം മുനീറും ട്രംപിനെ കാണാനെത്തി, ബലൂചിസ്താനിലെ അപൂർവ ധാതുശേഖരത്തിൽ കണ്ണുനട്ട് യു.എസ്

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ​ശരീഫും സൈനീക മേധാവി അസിം മുനീറും പാക് മേഖലയിലെ അപൂർവ ധാതുക്കൾ പരിചയപ്പെടുത്തുന്നതിൻറെ ചിത്രങ്ങൾ പുറത്ത്. കഴിഞ്ഞ വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

തടിപ്പെട്ടിയിൽ എത്തിച്ച മേഖലയിലെ അപൂർവ ധാതുക്കൾ അസിം മുനീർ ട്രംപിന് പരിചയപ്പെടുത്തുന്നതാണ് ചിത്രത്തിലുള്ളത്. സമീപത്ത് ഷരീഫും നിൽക്കുന്നുണ്ട്. ആറുവർഷത്തിനിടെ ആദ്യമായാണ് വ്യാഴാഴ്ച പാക് പ്രസിഡന്റ് വൈറ്റ് ഹൗസ് സന്ദർശിച്ചത്. അതേസമയം, ജൂണിൽ അസിം മുനീർ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ​സ്റ്റേറ്റ് സെക്രട്ടറി മാ​ർകോ റുബിയോയും ട്രംപിനൊപ്പം കൂടിക്കാഴ്ചയിൽ പ​ങ്കെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കൂടിക്കാഴ്ചക്ക് പിന്നാലെ, ആഗോളതലത്തിൽ യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള ആത്മാർഥമായ പരിശ്രമങ്ങളെ ചൂണ്ടി ട്രംപി​നെ ‘സമാധാനത്തിന്റെ മനുഷ്യൻ’ എന്ന് ഷെരീഫ് വിശേഷിപ്പിച്ചിരുന്നു.

പാകിസ്താനും യു.എസിനുമിടയിൽ ഉഭയകക്ഷി വ്യാപാര കരാറിലും ഷെരീഫ് ട്രംപിന് നന്ദിയറിച്ചു. ട്രംപ് ഭരണത്തിന് കീഴിൽ യു.എസ് -പാകിസ്താൻ ബന്ധം കൂടുതൽ വിശാലമാവുമെന്നാണ് പ്രതീക്ഷ. പാകിസ്താനിൽ കാർഷിക മേഖലയിലും ഖനനവ്യവസായമടക്കം മേഖലകളിലും അമേരിക്കൻ കമ്പനിക​ളെ നിക്ഷേപത്തിന് ക്ഷണിക്കുന്നുവെന്നും ഷെരീഫ് വ്യക്തമാക്കിയിരുന്നു.

അപൂർവ ധാതുക്കളിൽ കണ്ണുനട്ട് യു.എസ്

പാകിസ്താനിലെ ​നിർണായക ഘനനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഫ്രണ്ടിയർ വർക്സ്​ ഓർഗനൈസേഷൻ ഓഗസ്റ്റിൽ മിസ്സൗറി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യു.എസ് ​സ്ട്രാറ്റജിക് മെറ്റൽസുമായി ഉഭയകക്ഷി കരാറിൽ ഒപ്പിട്ടിരുന്നു. പാകിസ്താനിൽ ലോഹ ശുദ്ധീകരണ ശാല സജ്ജീകരിക്കുന്നതടക്കം ഈ കരാറിലുണ്ട്.

നിർണായക മൂലകങ്ങൾ ഉദ്പാദിപ്പിക്കുകയോ പുനഃരുപയോഗത്തിന് സജ്ജമാക്കുകയോ ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് യു.എസ് സ്ട്രാറ്റജിക് മെറ്റൽസ്. പോർചുഗീസ് എഞ്ചിനീയറിംഗ് സ്ഥാപനമായ മോട-എൻജീൽ ഗ്രൂപ്പുമായും യു.എസ് സ്ട്രാറ്റജിക് മെറ്റൽസുമായും ​ രാജ്യത്തെ ചെമ്പ്, സ്വർണം, അപൂർവ ധാതുക്കൾ എന്നിവയുടെ ഖനനത്തിന് പ്രതിനിധി സംഘങ്ങളുമായി നിർണായക കൂടിക്കാഴ്ചകൾ നടന്നത് സ്ഥിരീകരിച്ച് ​പാക് പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്ത കുറിപ്പും പ്രസിദ്ധീകരിച്ചിരുന്നു.

പാകിസ്താന് അമൂല്യമായ അപൂർവ ധാതുശേഖരമുണ്ടെന്നും മേഖലയിലെ വിദേശ നിക്ഷേപം രാജ്യത്തിൻറെ പിന്നോക്കാവസ്ഥയെ മറികടക്കാൻ സഹായകമാവുമെന്നും ഷെരീഫ് അവകാശപ്പെട്ടിരുന്നു. പാകിസ്താന്റെ അപൂർവധാതുശേഖരത്തിൽ ഏറെയും ബലൂചിസ്താൻ മേഖലയിലാണെന്നാണ് കരുതപ്പെടുന്നത്.

മേഖലയിൽ ഖനനത്തിനെതിരെ തദ്ദേശീയമായ ​ചെറുത്തുനിൽപ്പ് വിഘടനവാദത്തിന് വരെ കാരണമായിട്ടുണ്ട്. ​പ്രാദേശികമായി വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്നും പാകിസ്താൻ ആരോപിച്ചിരുന്നു. 

Tags:    
News Summary - Asim Munir, Pak PM Show Trump Rare Earth Minerals During White House Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.