എട്ടാമത്തെ വന്‍കരയാവാന്‍ ‘സീലാന്‍ഡിയ’

വെല്ലിങ്ടണ്‍: ലോകഭൂപടത്തില്‍ ഇടംപിടിക്കാനൊരുങ്ങി ഒരു വന്‍കര കൂടി. ശാന്തമഹാസമുദ്രത്തില്‍ ഒളിഞ്ഞിരിക്കുന്ന എട്ടാമത്തെ വന്‍കരയെ കണ്ടത്തെിയതായി ഭൗമശാസ്ത്രജ്ഞര്‍ പറഞ്ഞു. സീലാന്‍ഡിയ എന്നാണ് ശാസ്ത്രജ്ഞര്‍ ഭൂഖണ്ഡത്തിന് പേര് നല്‍കിയിരിക്കുന്നത്.
ശാന്തസമുദ്രത്തില്‍ ആസ്ട്രേലിയക്ക് കിഴക്കുള്ള പ്രദേശങ്ങളും ന്യൂസിലന്‍ഡ്, ന്യൂ കാലിഡോണിയ, നോര്‍ഫോല്‍ക് ദ്വീപ്, ലോര്‍ഡ് ഹോവ് ദ്വീപ് എന്നിവയും അടങ്ങിയ പ്രദേശമാണിത്. ഈ മേഖലയെ ഭൂഖണ്ഡമായി പരിഗണിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം, പ്രദേശത്തിന്‍െറ ഭൂമിശാസ്ത്രം, കൃത്യമായി നിര്‍വചിക്കാന്‍ കഴിയുന്ന പ്രദേശം, ചുറ്റുമുള്ള സമുദ്രത്തിന്‍െറ അടിത്തട്ടിനെക്കാള്‍ കട്ടിയുള്ള ഭൂപ്രദേശം എന്നിവയാണ് സീലാന്‍ഡിയയെ വന്‍കരയായി പരിഗണിക്കാന്‍ ആവശ്യമായ കാരണങ്ങളായി ശാസ്ത്രജ്ഞര്‍ കണ്ടത്തെിയിരിക്കുന്നത്.
അഞ്ചു മില്യണ്‍ ചതുരശ്ര കി.മീ വിസ്തീര്‍ണമുള്ള സീലാന്‍ഡിയയുടെ 94 ശതമാനവും സമുദ്രത്തിനടിയിലാണ്. ആസ്ട്രേലിയ അടങ്ങിയിരുന്ന പ്രദേശത്തുനിന്ന് 85 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അടര്‍ന്നുപോയ പ്രദേശമാവാം സീലാന്‍ഡിയ എന്നാണ് കരുതുന്നത്. ജിയോളജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്ക എന്ന ജേണലിലാണ് ഭൂഖണ്ഡം സംബന്ധിച്ച പഠനങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ന്യൂസിലന്‍ഡിലെ ജി.എന്‍.എസ് സയന്‍സ്, വിക്ടോറിയ സര്‍വകലാശാല, സിഡ്നി സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 20 വര്‍ഷമായി സീലാന്‍ഡിയയെകുറിച്ചുള്ള പഠനങ്ങള്‍ നടത്തിവരികയായിരുന്നു എന്ന് ഭൗമശാസ്ത്രജ്ഞന്‍ നിക് മോര്‍ടിമര്‍ പറഞ്ഞു. 1995ല്‍ അമേരിക്കന്‍ ഭൗമശാസ്ത്രജ്ഞന്‍ ബ്രൂസ് ലുയെന്‍ഡികാണ് ഭൂഖണ്ഡത്തിന് സീലാന്‍ഡിയ എന്ന പേര് ആദ്യമായി നിര്‍ദേശിച്ചത്. അധികം വൈകാതെതന്നെ സീലാഡിയ ലോക ഭൂപടത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോര്‍ട്ടിമര്‍ അഭിപ്രായപ്പെട്ടു.

Tags:    
News Summary - zealandia 8th continent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.