ലണ്ടൻ: യുദ്ധവും പലയാനവും അടയാളപ്പെടുത്തിയ, തീവ്ര ദേശീയത ഉഗ്ര പ്രതാപത്തോടെ തിരി ച്ചുവന്ന പതിറ്റാണ്ടിെൻറ പടിയിറക്കത്തിലാണ് പുതിയ വർഷത്തെ ലോകം വരവേൽക്കുന്നത്. ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടാനൊരുങ്ങുകയും യു.എസ് സ്വന്തം പ്രസിഡൻറിനെ പാതി ഇംപീച്ച് ചെയ്യുകയും ചെയ്ത പതിറ്റാണ്ട് ലോക ചരിത്രത്തിന് സംഭാവന ചെയ്തത് എണ്ണമറ്റ സംഭവങ്ങൾ. യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഉപോൽപന്നമായ പലായനം ദശലക്ഷക്കണക്കിന് നിരപരാധികളെ അയൽനാട്ടുകാരുടെ ഔദാര്യത്തിന് യാചിക്കുന്നവരാക്കിയതാണ് ഏറ്റവും വലിയ ദുഃഖം. അമേരിക്കയിൽ ട്രംപ് വളമിട്ട് വളർത്തി ലോകമെങ്ങും ശക്തിയാർജിച്ച തീവ്രദേശീയത അടുത്ത പതിറ്റാണ്ടിനെയും വേട്ടയാടും, തീർച്ച. 2010കളിലെ പ്രധാന സംഭവങ്ങളിലൂടെ...
അലയടങ്ങാതെ അറബ് വസന്തം
തുനീഷ്യയിൽ തെരുവുകച്ചവടക്കാരൻ തുടക്കമിട്ട്, പശ്ചിമേഷ്യയെ ഉടനീളം പിടിച്ചുലച്ച അറബ് വസന്തത്തിന് നാന്ദി കുറിക്കുന്നത് 2011 ജനുവരിയിൽ. തുനീഷ്യക്കു പുറമെ, ഈജിപ്ത്, ലിബിയ, യമൻ എന്നിവിടങ്ങളിൽ തുടക്കത്തിലും ലബനാനിൽ വൈകിയും അധികാര മാറ്റത്തിന് വഴിയൊരുക്കിയ ജനകീയ സമരങ്ങൾ സിറിയയിൽ വർഷങ്ങൾ നീണ്ടുനിന്ന ആഭ്യന്തര യുദ്ധമായി കനലെരിഞ്ഞു. സുഡാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലാണ് ഈ പ്രക്ഷോഭം ഇപ്പോഴും അലയൊലി തീർക്കുന്നത്. സമൂഹ മാധ്യമങ്ങൾ പശ്ചിമേഷ്യൻ യുവതയെ പുതിയ കാലത്തേക്കും സമരമുഖങ്ങളിലേക്കും നയിെച്ചന്നതും ജനാധിപത്യത്തിെൻറ കൈവഴികളിലേക്ക് മേഖലയുടെ ആകാശം തുറന്നിെട്ടന്നതും ശുഭോദർക്കമാണ്.
കൂട്ടപലായനം
അറബ് വസന്തത്തിെൻറ ഏറ്റവും വലിയ ദുരന്തമാണ് അറബ് രാജ്യങ്ങളിൽനിന്ന് ദശലക്ഷങ്ങളുടെ പലായനം. സിറിയയിൽനിന്ന് മാത്രം അന്യദേശങ്ങളിലേക്ക് നാടുവിട്ടോടിയത് 67 ലക്ഷം പേർ. ഇവരിൽ 37 ലക്ഷവും ചെന്നുപെട്ടത് തുർക്കിയിൽ. ജോർഡൻ (18 ലക്ഷം), ലബനാൻ (11 ലക്ഷം) എന്നിവിടങ്ങളിലേക്കും പിന്നീട് ജർമനിയിലേക്കും യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും ഇവർ കടന്നു. അനുകൂലമായും പ്രതികൂലമായും അതുണ്ടാക്കിയ പ്രകമ്പനങ്ങൾ ഇപ്പോഴും തുടരുന്നു. സിറിയയിൽ ആഭ്യന്തരമായി പലായനം ചെയ്യേണ്ടിവന്നവരുമുണ്ട് 62 ലക്ഷം. കടുത്ത സാമ്പത്തിക പ്രതിസന്ധി അലട്ടുന്ന വെനസ്വേലയിൽനിന്ന് 40 ലക്ഷം പേർ പലായനം ചെയ്തു. മ്യാൻമർ ഭരണകൂട ഭീകരതയുടെ ഇരകളായി വീണ്ടും നാടുവിട്ട റോഹിങ്ക്യൻ മുസ്ലിംകൾ ഏഴു ലക്ഷത്തിലേറെ പേർ. ഇസ്രായേൽ അധിനിവേശം ഭീകരതയുടെ പുതിയ മുഖങ്ങൾ തീർക്കുന്ന ഫലസ്തീനിൽനിന്ന് കഴിഞ്ഞ പതിറ്റാണ്ടിൽ മാത്രം നാലു ലക്ഷത്തിലേറെ പേർ നാടുവിട്ടു. ഇറാഖിൽ കഴിഞ്ഞ പതിറ്റാണ്ടിൽ തുടങ്ങിയ യാത്ര ഇപ്പോഴും തുടരുന്നു.
ട്രംപിെൻറ ചിറകേറി തീവ്ര ദേശീയത
ഇസ്ലാം ഭീതിയും പലായനവും സമം ചേർന്ന് സൃഷ്ടിച്ച തീവ്ര ദേശീയത ലോകം ജയിച്ച വർഷങ്ങൾക്ക് തുടർച്ചയുണ്ടാകുമോ എന്ന ആധിയാണ് ലോകത്തിന്. ഡോണൾഡ് ട്രംപ് എന്ന ജനപ്രിയ നായകൻ ഒരു വശത്തും യൂറോപിലെ നിരവധി സംഘടനകൾ മറുവശത്തുമായി തീവ്രദേശീയത ശക്തിയാർജിച്ച കാലമാണിത്. ഫ്രാൻസിൽ ലീ പെൻ നേതൃത്വം നൽകുന്ന ഫ്രണ്ട് നാഷനൽ, ബ്രിട്ടനിൽ ബ്രിട്ടീഷ് നാഷനലിസ്റ്റ് പാർട്ടി, നെതർലൻഡ്സിൽ ഗീർത് വൈൽഡേഴ്സിെൻറ പാർട്ടി ഫോർ ഫ്രീഡം, ജർമനിയിൽ ഓൾട്ടർനേറ്റിവ് ഫോർ ജർമനി, ഇറ്റലിയിൽ ട്രൈകളർ െഫ്ലയിം, ബൾഗേറിയയിൽ അറ്റാക്ക്, യുക്രെയ്നിൽ ഫ്രീഡം, ഹംഗറിയിൽ ജോബിക്, ഓസ്ട്രിയയിൽ ഫ്രീഡം പാർട്ടി, ബെൽജിയത്തിൽ െഫ്ലമിഷ് ഇൻട്രസ്റ്റ് തുടങ്ങിയ സംഘടനകൾ പലത്. ഹംഗറിയിൽ വിക്ടർ ഓർബാൻ, ബ്രസീലിൽ ജെയ്ർ ബൊൾസനാരോ തുടങ്ങിയവർ തീവ്രദേശീയത ഉണ്ടായിരുന്ന ഭരണാധികാരികളിൽ ചിലർ. 1930കളിൽ ലോകം ജയിച്ച് 80കളിൽ തിരിച്ചുവന്ന തീവ്രദേശീയതയുടെ മൂന്നാം വരവായിരുന്നു കഴിഞ്ഞ പതിറ്റാണ്ടിൽ.
െബ്രക്സിറ്റ്, ഇംപീച്ച്മെൻറ്
ബ്രിട്ടനെ യൂറോപ്യൻ യൂനിയനിൽനിന്ന് അടർത്തിമാറ്റാൻ ലക്ഷ്യമിട്ട് 2016ലാണ് ഹിത പരിശോധന നടക്കുന്നത്. മൂന്നു പ്രധാനമന്ത്രിമാർ ഇതേ വിഷയത്തിൽ അധികാരം വിടേണ്ടിവന്നിട്ടും അടുത്ത വർഷം നടപ്പാക്കുമെന്ന തീരുമാനത്തിലാണ് നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇതിനെ ചൊല്ലി അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നു.
2016ൽ യു.എസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട് തുടർച്ചയായ വിവാദങ്ങൾ സൃഷ്ടിച്ച ഡോണൾഡ് ട്രംപിനെ അടുത്തിടെ പ്രതിനിധി സഭ ഇംപീച്ച്മെൻറിന് വിധേയമാക്കി. സെനറ്റ് വിചാരണയിലും കുറ്റക്കാരനെന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ തെളിയിക്കപ്പെട്ടാൽ ട്രംപ് പുറത്താകും.
ഗ്രെറ്റ തുൻെബർഗ്, ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’; പ്രതീക്ഷയുടെ ശബ്ദങ്ങൾ
നിരാശ സമ്മാനിച്ച് സംഭവങ്ങൾ പലതു നടന്നതിനിടെ പ്രതീക്ഷയുടെ തിരി പകർന്ന് 15 കാരി ഗ്രെറ്റ തുൻബെർഗ് യു.എന്നിലും പിന്നീട് ലോകത്തുടനീളവും നടത്തിയ പ്രഭാഷണങ്ങളും സമരങ്ങളും കാലാവസ്ഥ കാക്കാൻ ലോകത്തെ പ്രചോദിപ്പിക്കുന്നവയാണ്. ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’, ‘ഒക്കുപ്പൈ വാൾ സ്ട്രീറ്റ്’ എന്നീ സംഘടനകളും ഹോളിവുഡിൽ തുടങ്ങിയ ‘മീ ടു’ കാമ്പയിനും വ്യത്യസ്ത തലങ്ങളിൽ ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
വിസ്മരിക്കില്ല, ദുരന്തങ്ങൾ
2014ൽ 200ലേറെ യാത്രക്കാരുമായി പോയ മലേഷ്യൻ വിമാനം അജ്ഞാതമായ കാരണങ്ങളാൽ അപ്രത്യക്ഷമായതും ഇതുവരെയും കണ്ടെത്താനാകാത്തതുമാണ് കഴിഞ്ഞ പതിറ്റാണ്ടിലെ വലിയ ദുരന്തങ്ങളിലൊന്ന്. 2013ലെ ഹയാൻ ചുഴലിക്കൊടുങ്കാറ്റ്, 10,000ത്തി ലേരെ പേരെ മരണത്തിന് വിട്ടുകൊടുത്ത് 2014 ആഫ്രിക്കയിൽ താണ്ഡവമാടിയ ഇബോള, 2015ൽ നേപ്പാളിനെ തകർത്ത ഭൂചലനം തുടങ്ങി ദുരന്തങ്ങൾ അനവധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.