ഫലസ്തീന്‍വത്കരിക്കപ്പെടുന്ന സിറിയന്‍ ജനത

പാരിസിലെ ഈഫല്‍ ടവര്‍ കഴിഞ്ഞദിവസം വിളക്കുകളണച്ച് സിറിയന്‍ നഗരമായ അലപ്പോയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി. ലണ്ടന്‍, ആംസ്റ്റര്‍ഡാം, ഓസ്ലോ, കോപന്‍ഹേഗന്‍ തുടങ്ങിയ നഗരങ്ങളിലെല്ലാം അലപ്പോയിലെ കൂട്ടക്കശാപ്പിനെതിരെ പ്രതിഷേധറാലി നടന്നു.റഷ്യന്‍-ഇറാനിയന്‍ എംബസികള്‍ക്കും ഇസ്താംബുള്‍, അങ്കാറ, ഉര്‍സുറും കോണ്‍സുലേറ്റുകള്‍ക്കും സമീപം തുര്‍ക്കി ജനതയുടെ പ്രതിഷേധം പുകഞ്ഞു. വംശഹത്യയെന്ന കൊടുംവേദനയുടെ ആഴമെന്തെന്ന് അനുഭവിച്ചറിഞ്ഞ ബോസ്നിയന്‍ ജനതയും അലപ്പോക്കുവേണ്ടി തെരുവിലിറങ്ങി. ഇറാഖില്‍ അമേരിക്ക ബോംബിട്ടപ്പോഴുണ്ടായ ജനക്കൂട്ടമായിരുന്നില്ല ഇപ്പോള്‍ ലോകം കണ്ടത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെയാണ് ഇതുപോലുള്ള ജനകീയ പ്രതിഷേധങ്ങള്‍ കൂടുതല്‍ പ്രത്യക്ഷമായത്.

ഒരു ജനതയെ ഒന്നടങ്കം വേരോടെ പിഴുതെറിഞ്ഞ് ചരിത്രനഗരത്തെ തുണ്ടംതുണ്ടമാക്കുന്ന റഷ്യന്‍ ഭരണാധികാരി വ്ളാദിമിര്‍ പുടിനുമേല്‍ ഇത്തരം പൊതു പ്രതിഷേധങ്ങള്‍ ചെറുതല്ലാത്ത സമ്മര്‍ദം ഉണ്ടാക്കുമെന്നത് ഉറപ്പാണ്. സിറിയയിലെ വിപ്ളവം പരാജയപ്പെടുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് അറബ്-മുസ്ലിം രാജ്യങ്ങളും ലോകമനസ്സാക്ഷി ഒന്നടങ്കം തന്നെയുമാണ്. തങ്ങളുടെ ദുരിതത്തില്‍ ഇടതുമനോഭാവം പുലര്‍ത്തുന്ന രാജ്യങ്ങള്‍ ഒപ്പം നില്‍ക്കുമെന്നാണ് സിറിയന്‍ ജനത ആദ്യം വിശ്വസിച്ചത്. എന്നാല്‍, ഇടതുചായ്വുള്ള സര്‍ക്കാറുകളും ജനങ്ങളും ബശ്ശാര്‍ അല്‍അസദിന്‍െറ കുപ്രചാരണങ്ങള്‍ വിശ്വസിച്ച്  തീവ്രവാദത്തിനെതിരായ യുദ്ധം ശരിയെന്ന് ആവര്‍ത്തിക്കുകയായിരുന്നു. ഒബാമ ഭരണകൂടം ഈ വിഷയത്തില്‍ വളരെ കരുതലോടെയുള്ള സമീപനം സ്വീകരിക്കുന്നതാണ് കണ്ടത്. പ്രതിപക്ഷമായ  ഫ്രീ സിറിയന്‍ ആര്‍മിക്ക് ചില സമയങ്ങളില്‍ ആളും ആയുധവും നല്‍കി സഹായിച്ചു.

അതേസമയംതന്നെ ബശ്ശാര്‍ സൈന്യത്തെ പ്രതിരോധിക്കുന്നതിന് വിമാനാക്രമണ പ്രതിരോധ ആയുധങ്ങള്‍ വിതരണം നല്‍കുന്നത് വീറ്റോ ചെയ്യുകയുമുണ്ടായി. 2013ല്‍ ഡമസ്കസിന്‍െറ പ്രാന്തപ്രദേശങ്ങളില്‍ ബശ്ശാര്‍ സേന രാസായുധപ്രയോഗത്തിലൂടെ 1500 ആളുകളെ കൊന്നൊടുക്കിയപ്പോള്‍ ബറാക് ഒബാമയുടെ കെമിക്കല്‍ ചുവപ്പുരേഖ അപ്രത്യക്ഷമായതും ലോകം കണ്ടു.  തീവ്രവാദത്തിനെതിരായ യുദ്ധം എന്ന ചട്ടക്കൂടില്‍ നിന്നുകൊണ്ട് സിറിയയില്‍ ഐ.എസ് പോലുള്ള തീവ്രവാദകേന്ദ്രങ്ങളില്‍ അമേരിക്ക ബോംബിട്ടു. ആഭ്യന്തരയുദ്ധത്തിന്‍െറ മൂലകാരണങ്ങള്‍ ഇല്ലാതാക്കുന്നതിനു പകരം ഉപോല്‍പന്നങ്ങളായിരുന്നു അമേരിക്കയുടെ ലക്ഷ്യം. യുദ്ധഭൂമിയില്‍ നിന്നൊഴുകിയത്തെിയ അഭയാര്‍ഥികളോട് മുഖംതിരിച്ച് യൂറോപ്പും തനിനിറം പുറത്തുകാട്ടി. ബശ്ശാര്‍ അല്‍അസദ് സിംഹാസനത്തില്‍ തുടരുമ്പോള്‍ അഭയാര്‍ഥികള്‍ക്ക് അവരുടെ രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ കഴിയില്ളെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. അറബ് രാജ്യങ്ങളില്‍ ചിലര്‍ ബശ്ശാറിനൊപ്പം നിന്നു. മറ്റുള്ളവര്‍ വിമതരെ പിന്താങ്ങി.  

ബശ്ശാറിന്‍െറ വിജയവും ഐ.എസിന്‍െറ വളര്‍ച്ചയും
സിറിയന്‍ ജനത ഇന്നനുഭവിക്കുന്ന ദുരന്തം ബശ്ശാര്‍ കൃത്യമായി ആസൂത്രണം ചെയ്തുണ്ടാക്കിയതാണ്. 2012ല്‍ ഹിംസ്, ഹമ പ്രവിശ്യകളില്‍ കൂട്ടക്കൊല നടത്തുക വഴി സലഫി സായുധവിഭാഗം തലവന്മാരെ ജയിലില്‍നിന്ന് മോചിപ്പിച്ചു. എന്നാല്‍, ജനാധിപത്യവാദികളായ ആയിരക്കണക്കിന് ആക്റ്റിവിസ്റ്റുകളെ കൊല്ലാക്കൊല ചെയ്തു. ശിയ മിലിഷ്യകളെ രാജ്യത്തേക്ക് ക്ഷണിച്ചു. ഇങ്ങനെ വംശീയ സംഘട്ടനങ്ങള്‍ കൃത്യമായി രൂപകല്‍പന ചെയ്യുകയായിരുന്നു ബശ്ശാര്‍. ജനങ്ങളില്‍ കൂടുതലും അദ്ദേഹം വിരിച്ച വലയില്‍ വീണു. ജയ്ശുല്‍ ഇസ്ലാം നേതാവ് സഹ്റാന്‍ അല്ലൂശിനെ ജയില്‍ മോചിതനാക്കിയതും അതിന്‍െറ സൂചനയാണ്. ഡമസ്കസില്‍നിന്ന് ശിയാ വിഭാഗങ്ങളെ തുടച്ചുമാറ്റണമെന്ന് ആഹ്വാനം ചെയ്തതതോടെ അല്ലൂശും ബശ്ശാറിന്‍െറ കെണിയില്‍പെട്ടു.

2015 സെപ്റ്റംബറില്‍ റഷ്യയും ബശ്ശാറിനൊപ്പം കൂട്ടുകൂടിയതോടെ ദുരന്തം പൂര്‍ത്തിയായി. ഐ.എസ് കേന്ദ്രങ്ങള്‍ തകര്‍ക്കാനെന്ന വ്യാജേന റഷ്യ ബോംബിട്ടതെല്ലാം വിമതകേന്ദ്രങ്ങള്‍ക്ക് (ഫ്രീ സിറിയന്‍ ആര്‍മി) നേരെയായിരുന്നു. അവര്‍ സ്കൂളുകള്‍ കത്തിച്ചു. ആശുപത്രികളും മാര്‍ക്കറ്റുകളും ചാരക്കൂമ്പാരമാക്കി. ജനങ്ങള്‍ കൂട്ടമായി താമസിക്കുന്ന മേഖലകളില്‍ ക്ളസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചു. യുദ്ധക്കുറ്റങ്ങളില്‍പെട്ട ഈ ക്രൂരകൃത്യങ്ങള്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനെന്ന സംരക്ഷിത മറപറ്റി റഷ്യയും ബശ്ശാര്‍ ഭരണകൂടവും മുഖം രക്ഷിച്ചു.

കരയുദ്ധത്തില്‍ ബശ്ശാറിനെ സഹായിച്ചിരുന്നതില്‍ ഭൂരിഭാഗവും സിറിയന്‍ ജനതയായിരുന്നില്ല. ലെബനാനിലെ ഹിസ്ബുല്ലയും ഇറാഖ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള സഹായവുമായിരുന്നു ബശ്ശാറിനെ വളര്‍ത്തിയത്. ഇറാന്‍െറ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് യുദ്ധമുന്നണിയില്‍ ഇടപെട്ടു. ഹിംസ്, ഡമസ്കസ്, അലപ്പോ പ്രവിശ്യകളില്‍ വംശഹത്യക്ക് ഇറാന്‍ സേനകളും ഹിസ്ബുല്ലയും നേതൃത്വം നല്‍കി. ബശ്ശാര്‍ അല്‍അസദ് വിജയം വരിക്കുമ്പോള്‍ ഒരു ഓഹരി ഐ.എസ് എന്ന ഭീകരസംഘങ്ങള്‍ക്കുകൂടി പങ്കിട്ടെടുക്കാം. അലപ്പോ ബശ്ശാര്‍ സൈന്യം പിടിച്ചെടുക്കുമ്പോള്‍ പൗരാണിക നഗരമായ പല്‍മീറ ഐ.എസ് വീണ്ടും പിടിച്ചെടുക്കുന്നു.  ഈ വിഷയത്തില്‍ അറബ് ലോകം എങ്ങനെയാണ് പ്രതികരിച്ചത്? ഗസ്സയില്‍ ഹമാസ് പ്രതിഷേധം നടത്തി. കുവൈത്തില്‍ റഷ്യന്‍ എംബസിക്കുനേരെയും പ്രതിഷേധം പുകഞ്ഞു. ഖത്തര്‍ ദേശീയദിനാഘോഷം മാറ്റിവെച്ചു. വിഖ്യാത ചിന്തകനായ യാസിന്‍ അല്‍ ഹജ്ജ് സാലിഹ് സിറിയയില്‍ ജനതയെ ഫലസ്തീന്‍വത്കരിക്കുന്ന ആഭ്യന്തരയുദ്ധമാണ് നടക്കുന്നതെന്ന് വിശേഷിപ്പിച്ചു. 68 വര്‍ഷമായി തുടരുന്ന ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തെ പിന്തുണക്കുന്നതില്‍ പരാജയപ്പെട്ട അറബ് രാജ്യങ്ങള്‍ ഇറാനും റഷ്യയും ഐ.എസും സിറിയയില്‍ കൂട്ടനാശം വിതക്കുന്നത് തടയാന്‍ തങ്ങള്‍ക്ക് ശേഷിയില്ളെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.  
(ഡമസ്കസില്‍നിന്നുള്ള പാത എന്ന കൃതിയുടെ കര്‍ത്താവാണ് ലേഖകന്‍)

Tags:    
News Summary - syrian people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.