സ്വദേശിവത്കരണം ഊര്‍ജിതമാക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയത്തിന്‍െറ ആറിന പരിപാടി

റിയാദ്: സൗദി സ്വകാര്യമേഖലയില്‍ തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണം ഊര്‍ജിതമാക്കാന്‍ പുതിയ ആറിന പരിപാടികള്‍ക്ക് രൂപം നല്‍കിയതായി തൊഴില്‍കാര്യ അണ്ടര്‍സെക്രട്ടറി ഡോ. അഹ്മദ് ഖത്താന്‍. വിഷന്‍ 2030 പദ്ധതികള്‍ക്ക് ആക്കം കൂട്ടാന്‍ ഉപകരിക്കുന്നതായിരിക്കും പുതിയ നീക്കങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമം ഡിസംബര്‍ 12ന് പ്രാബല്യത്തില്‍ വരും.സ്വദേശി യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരം ഉറപ്പുവരുത്തുന്നതാണ് മന്ത്രാലയം മുന്നോട്ടുവെക്കുന്ന ആറിന പരിപാടി. തൊഴില്‍ മേഖലയിലേക്ക് പുതുതായി കടന്നുവരുന്നവര്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ ആശ്വാസമാവുന്ന പരിപാടികളാണ് മന്ത്രാലയം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. സ്വദേശി വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ തുടര്‍ന്നുകൊണ്ട് ഒഴിവുസമയത്ത് ജോലിയില്‍ പ്രവേശിക്കാനും പരിശീലനം നേടാനും ഉതകുന്നതാണ് ആദ്യ നിര്‍ദേശം. കാറ്ററിങ് മേഖലയിലാണ് ജോലി വാഗ്ദാനം ചെയ്യുന്നത്. ഇത്തരം ജോലി ചെയ്യുന്നവരുടെ തോത്  25 ശതമാനം എന്നത് 40 ശതമാനമാക്കി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്.

സ്വകാര്യ മേഖലയിലേക്ക് താല്‍ക്കാലികമായി കടമെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിതാഖാത്തില്‍ ഒരു സ്വദേശി തൊഴിലാളിയുടെ എണ്ണമായി പരിഗണിക്കുമെന്നതാണ് മറ്റൊരു തീരുമാനം. സര്‍ക്കാര്‍, സ്വകാര്യ മേഖലക്ക് തൊഴിലാളികളെ പരസ്പരം കൈമാറുന്നതിനും പരിചയം പങ്കുവെക്കുന്നതിനും ഈ നീക്കം ഉപകരിക്കും.തുണി അലക്കാനും തേക്കാനുമുള്ള സ്ഥാപനങ്ങള്‍, ഓട്ടോമാറ്റിക് ലോണ്‍ഡ്രി, ചായം മുക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയെ മൊത്ത, ചില്ലറ കടകളുടെ ഗണത്തില്‍ നിന്ന് പ്രത്യേക ഗണമായി പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ മേഖലയിലെ സ്വദേശിവത്കരണം പ്രത്യേകം കണക്കാക്കാനാണ് ഈ വേര്‍തിരിവ്. ഓരോ മേഖലയും പ്രത്യേകം ഇനം തിരിക്കുന്നത് സ്വദേശിവത്കരണത്തിന്‍െറ തോത് കണക്കാക്കാനും പരിശോധിക്കാനും സഹായിക്കും.
തൊഴിലുടമയും തൊഴിലാളികളും തമ്മിലുണ്ടാവേണ്ട പരസ്പര ധാരണയും പെരുമാറ്റ മര്യാദകളും നിര്‍ണയിക്കുന്നതാണ് നാലാമത്തെ തീരുമാനം. സൗകര്യപ്രദമായ ജോലി സമയം എന്ന അഞ്ചാമത്തെ നിര്‍ദേശം ഇതിന്‍െറ ഭാഗമാണ്.

ജോലി സമയത്ത് ന്യായമായ കാരണത്താല്‍ ഹാജരാവാതിരിക്കുകയോ അനുവാദം വാങ്ങി പുറത്തുപോവുകയോ ചെയ്യുന്നവര്‍ക്ക് മറ്റൊരു സമയം ഈ ജോലി എടുത്തുതീര്‍ക്കാന്‍ അനുവാദം നല്‍കുന്നതാണ് സൗകര്യപ്രദമായ ജോലി സമയത്തിലൂടെ മന്ത്രാലയം ലക്ഷ്യമാക്കുന്നത്. 500 വരെ ജോലിക്കാരുള്ള സ്ഥാപനങ്ങളെ ഇടത്തരം സ്ഥാപനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം എ. ബി. സി എന്നീ മൂന്ന് ഗണങ്ങളായി തരിക്കാനാണ് മന്ത്രാലയത്തിന്‍െറ മറ്റൊരു തീരുമാനം.
50 മുതല്‍ 99 വരെ എ ഗണത്തിലും 100 മുതല്‍ 199 വരെ ബി ഗണത്തിലും 200 മുതല്‍ 499 വരെ സി ഗണത്തിലുമാണ് ഉള്‍പ്പെടുക. ഓരോ ഗണത്തിലും ആവശ്യമായ സ്വദേശിവത്കരണത്തിന്‍െറ തോതും മന്ത്രാലയം തീരുമാനിക്കും.

Tags:    
News Summary - saudhi arabia privatisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.