ദാദാബ് അഭയാര്‍ഥി ക്യാമ്പ് അടച്ചുപൂട്ടുന്നത് കോടതി തടഞ്ഞു

നൈറോബി: സോമാലിയയിലെ യുദ്ധമുഖത്തുനിന്ന് രക്ഷപ്പെട്ടത്തെിയ  260,000 അഭയാര്‍ഥികള്‍ താമസിക്കുന്ന കെനിയയിലെ ക്യാമ്പ് അടച്ചുപൂട്ടുന്നതിനെതിരെ കെനിയന്‍ ഹൈകോടതി. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ദാദാബ് അടച്ചുപൂട്ടി ഇത്രയും പേരെ യുദ്ധമേഖലയിലേക്കുതന്നെ വലിച്ചെറിയരുതെന്ന് കോടതി നിര്‍ദേശിച്ചു.

ക്യാമ്പ് അടച്ചുപൂട്ടാനുള്ള തീരുമാനം ഭരണഘടന ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കെനിയന്‍ സര്‍ക്കാറിന്‍െറ ഉത്തരവനുസരിച്ച് ഈ വര്‍ഷം മേയ് അവസാനത്തോടെ ക്യാമ്പ് അടക്കുമെന്ന ഭീതിയില്‍ കഴിയുകയാണ് അഭയാര്‍ഥികള്‍. ദാദാബ് ക്യാമ്പ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് കെനിയയുടെ ആഭ്യന്തര സുരക്ഷാ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയതായി ജഡ്ജി ജോണ്‍ മാറ്റിവോ നിരീക്ഷിച്ചു.
തീരുമാനം വിവേചനപരമാണെന്നും സത്യപ്രതിജ്ഞക്ക് വിരുദ്ധമായും രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടും അധികാരത്തില്‍ അതിരുകടക്കുകയാണ് മന്ത്രിയും അദ്ദേഹത്തിന്‍െറ ഉദ്യോഗസ്ഥരുമെന്നും ജഡ്ജി കുറ്റപ്പെടുത്തി.

സര്‍ക്കാറിന്‍െറ തീരുമാനത്തിനെതിരെ ആംനസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘങ്ങള്‍ രംഗത്തുവന്നിരുന്നു. ആഭ്യന്തര തീവ്രവാദ സംഘമായ അല്‍ശബാബില്‍നിന്നുള്ള നിരന്തര ഭീഷണിയിലാണ് സോമാലിയ. കെനിയയോട് ചേര്‍ന്നുകിടക്കുന്ന അഭയാര്‍ഥി ക്യാമ്പിനെ അല്‍ ശബാബ് റിക്രൂട്ടിങ് ക്യാമ്പായി ഉപയോഗിക്കുമെന്നാണ് ചില കെനിയന്‍ ഉദ്യോഗസ്ഥരുടെ ആരോപണം. എന്നാല്‍, ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടക്കുന്നതായി തെളിയിക്കാന്‍ കെനിയന്‍ അധികൃതര്‍ക്കായിട്ടില്ല.

സോമാലിയ അടക്കമുള്ള നിരവധി രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നിരോധനമേര്‍പ്പെടുത്തിയത് ദാദാബ് അഭയാര്‍ഥികള്‍ക്കുമേല്‍ സമ്മര്‍ദമേറ്റിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ ഉത്തരവിനെ തുടര്‍ന്ന് യു.എസ് മടക്കിയ140തോളം സോമാലിയന്‍ അഭയാര്‍ഥികള്‍ ദാദാബ് ക്യാമ്പിലേക്കുതന്നെ തിരികെ എത്തിയിരുന്നു.

 

Tags:    
News Summary - refugee camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.