ദാരിദ്ര്യ നിര്‍മാര്‍ജനം പാകിസ്താന് വെല്ലുവിളി –ലോക ബാങ്ക്

വാഷിങ്ടണ്‍: ദാരിദ്ര്യ നിര്‍മാര്‍ജനം  പാകിസ്താനു വെല്ലുവിളിയുയര്‍ത്തുന്നതായി ലോക ബാങ്ക് റിപ്പോര്‍ട്ട്. ദാരിദ്ര്യം തുടച്ചുമാറ്റുന്നത് എങ്ങനെയെന്ന് പാകിസ്താന്‍ ഇന്ത്യയെ കണ്ടുപഠിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. പാകിസ്താന്‍പോലുള്ള രാജ്യങ്ങളിലെ ദരിദ്ര വിഭാഗങ്ങളുടെ വരുമാനം ശരാശരിയില്‍നിന്നും താഴേയാണ്. നാലു ശതമാനമാണ് ലോകബാങ്ക് പുറത്തുവിട്ട പട്ടികയില്‍ അവിടത്തെ ദേശീയ വളര്‍ച്ചനിരക്ക്. എട്ടു ശതമാനത്തിലേറെ വളര്‍ച്ചനിരക്കുമായി ചൈനയാണ് മുന്നില്‍.  ശ്രീലങ്കയും പട്ടികയിലുണ്ട്. സാമ്പത്തിക പരിഷ്കാരങ്ങള്‍ തുടരുകയാണെങ്കില്‍ 2030ഓടെ ബംഗ്ളാദേശിലെ ദാരിദ്ര്യം പൂര്‍ണമായി ഇല്ലാതാകുമെന്ന് ലോകബാങ്ക് പ്രത്യാശിക്കുന്നു.

അതേസമയം, ലോകത്തെ വന്‍ സാമ്പത്തിക ശക്തിയായി മുന്നേറുകയാണെങ്കിലും ജനങ്ങളുടെ വരുമാനനിരക്ക് ശരാശരിയിലും താഴേക്കു പോവുന്നത് ഇന്ത്യക്കും  പട്ടികയില്‍ ഇടം നേടിക്കൊടുത്തിട്ടുണ്ട്. 21.25 ശതമാനം ഇന്ത്യക്കാര്‍ ജീവിക്കുന്നത് ലോകബാങ്കിന്‍െറ ദാരിദ്ര്യരേഖക്കു താഴേയാണ്. ഇന്ത്യയില്‍ 58 ശതമാനം ജനങ്ങള്‍ പ്രതിദിനം 3.1 ഡോളര്‍ സമ്പാദിക്കുന്നു. പാകിസ്താനിലത് 45 ശതമാനമാണ്. ബംഗ്ളാദേശില്‍ 43.7 ശതമാനം പേര്‍ ജീവിക്കുന്നത് ദാരിദ്ര്യരേഖക്കു താഴെയാണ്. എന്നാല്‍ 77.6 ശതമാനം പേര്‍ ഒരു ദിവസം 3.1 ഡോളര്‍ ഉണ്ടാക്കുന്നു.

അതേസമയം, പല  മേഖലകളിലും പാകിസ്താനേക്കാള്‍ ഒരു പടി മുന്നിലാണ് ഇന്ത്യ. ആയുര്‍ദൈര്‍ഘ്യത്തിന്‍െറ കാര്യത്തില്‍ ഇന്ത്യ പാകിസ്താനെ അപേക്ഷിച്ച് ഒരു പടികൂടി കടന്നു. 2014ലെ കണക്കുപ്രകാരം ഇന്ത്യയില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 66 വയസ്സാണ്. പാകിസ്താനില്‍ 66.1 ഉം. ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യത്തിന്‍െറ കാര്യത്തില്‍ സ്ത്രീകളാണ് മുന്നില്‍ (69.49). പാക് സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 67.15 ആണ്.

2011ലെ സെന്‍സസ് പ്രകാരം പ്രായപൂര്‍ത്തിയായ സ്ത്രീസാക്ഷരതാ നിരക്ക് ഇന്ത്യയില്‍ 59.2 ശതമാനമാണ്. പാകിസ്താനില്‍ 41.9 ശതമാനവും. ശിശുമരണ നിരക്ക് 2015ല്‍ ഇന്ത്യയില്‍ 37.9 ആണ്. 2010ല്‍ ഇത് 46.3 ശതമാനമായിരുന്നു. പാകിസ്താനില്‍ ശിശുമരണ നിരക്ക് 2010ല്‍ 73.5ഉം 2015ല്‍ 65.8ഉം ആണ്. ആരോഗ്യരംഗത്തെ ഇന്ത്യയുടെ കുതിച്ചുചാട്ടത്തിന് ഉദാഹരണമാണിത്.

2015ല്‍ 15.2 ശതമാനമാണ് ഇന്ത്യയിലെ പോഷകാഹാര ദൗര്‍ലഭ്യനിരക്ക്. പാകിസ്താനില്‍ 22 ശതമാനം ജനങ്ങള്‍ പോഷകാഹാര ദൗര്‍ലഭ്യമുള്ളവരാണ്. ദരിദ്ര കുടുംബങ്ങളില്‍ പഠനകാലത്തുതന്നെ ചെറിയ ജോലികള്‍ചെയ്ത് പണം സമ്പാദിച്ച് രക്ഷിതാക്കളെ സഹായിക്കുന്ന ധാരാളം സംഭവങ്ങള്‍ പാകിസ്താനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Tags:    
News Summary - Poverty eradication uphill task for Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.