അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ പാക് സേന നീങ്ങുന്നതായി റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയ പാകിസ്താന്‍ കൂടുതല്‍ സേനയെ അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക് അയച്ചതായി റിപ്പോര്‍ട്ട്. ആയുധ സന്നാഹങ്ങളോടെയുള്ള സേനാവ്യൂഹമാണ് അതിര്‍ത്തിലേക്ക് പുറപ്പെട്ടത്. സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ പ്രസ്താവനക്ക് പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കഴിഞ്ഞ ആഴ്ചയിലുണ്ടായ വ്യത്യസ്ത ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് പാക് പത്രങ്ങള്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ തെഹ്രീകെ താലിബാന്‍ പാകിസ്താന്‍, ജമാഅത്തുല്‍ അഹ്റാര്‍ തുടങ്ങിയ ഭീകര സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി കൂടുതല്‍ ഓപറേഷനുകള്‍ക്ക് സൈന്യം തയാറെടുക്കുന്നതായ സൂചനകളാണ് ഇത് നല്‍കുന്നത്.
ഭീകരസംഘങ്ങള്‍ അഫ്ഗാന്‍ മണ്ണ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പാകിസ്താന്‍െറ വാദം. ഇരു രാജ്യങ്ങള്‍ക്കും ഭീഷണിയായ ഈ ഗ്രൂപ്പുകള്‍ക്കെതിരെ യോജിച്ച പോരാട്ടത്തിന് പാകിസ്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. റാവല്‍പിണ്ടിയില്‍ പാക് സൈനിക മേധാവികള്‍ യോഗം ചേര്‍ന്ന് ഭാവി നീക്കങ്ങളെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്.

സിന്ധ് ആക്രമണത്തിന് ശേഷം അഫ്ഗാന്‍ അതിര്‍ത്തി വഴിയുള്ള അനധികൃതമായ എല്ലാ നീക്കങ്ങളും കര്‍ശനമായി പാക് സേന നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന ഭീകരവേട്ടയില്‍ 130പേരെ വധിച്ചിട്ടുണ്ട്. 350ലേറെ പേരെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പിടികൂടിയിട്ടുമുണ്ട്. ഇവരില്‍ കൂടുതല്‍ പേരും അഫ്ഗാന്‍ പൗരന്മാരാണ്.

 

News Summary - pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.