പാകിസ്താനില്‍ ഭീകരവേട്ട തുടരുന്നു; 16 പേരെ വധിച്ചു

ഇസ്ലാമാബാദ്: സിന്ധിലെ സൂഫി തീര്‍ഥാടന കേന്ദ്രത്തില്‍ ആക്രമണം നടന്നതിന് പിന്നാലെ പാക് സൈന്യം ആരംഭിച്ച ഭീകരവേട്ട തുടരുന്നു. കഴിഞ്ഞദിവസം രാജ്യത്തെ ഗോത്രമേഖലയില്‍ നടത്തിയ റെയ്ഡില്‍ 11പേരെയും പഞ്ചാബില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു പേരെയുമാണ് വധിച്ചത്. ഗോത്രമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അഫ്ഗാനിസ്താനില്‍നിന്ന് ഖൈബര്‍ പ്രദേശംവഴി രാജ്യത്തേക്ക് കടക്കുന്നതിനിടെയാണ് 11പേരെ വധിച്ചതെന്ന് സുരക്ഷസേന അവകാശപ്പെട്ടു. അതിര്‍ത്തി കടക്കുന്നത് പിടിക്കപ്പെട്ടതോടെ സേനാംഗങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് തിരിച്ചടി നല്‍കിയപ്പോഴാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരെല്ലാം അഫ്ഗാന്‍ പൗരന്മാരാണെന്നും മൃതദേഹങ്ങള്‍ കൈമാറുമെന്നും സേനവൃത്തങ്ങള്‍ അറിയിച്ചു. മുള്‍ത്താനിലെ പ്രമുഖ സൂഫികേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട അഞ്ചു പേരെയാണ് പഞ്ചാബില്‍ വധിച്ചത്. ഇവര്‍ ജംഇയ്യതുല്‍ അഹ്റാര്‍ എന്ന തീവ്രവാദ സംഘടനയില്‍പെട്ടവരാണെന്ന് അധികൃതര്‍ പറഞ്ഞു.
നേരത്തേ ലാഹോറില്‍ ചാവേറാക്രമണം നടത്തി 15 പേരെ വധിച്ച സംഭവത്തിന്‍െറ ഉത്തരവാദിത്തം ഈ സംഘടന ഏറ്റെടുത്തിരുന്നു.

മുള്‍ത്താനില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട സംഘത്തില്‍ ഏട്ടുപേരുണ്ടായിരുന്നെന്നും മൂന്നുപേര്‍  സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. സിന്ധ് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി സൈന്യം നടത്തുന്ന തിരച്ചിലില്‍ മുന്നൂറിലേറെ പേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്. ഇവരില്‍ മിക്കവരും അഫ്ഗാന്‍ പൗരന്മാരാണ്. പഞ്ചാബ് പ്രവിശ്യയിലെ അഫ്ഗാന്‍ പൗരന്മാര്‍ കഴിയുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും സുരക്ഷ സേന അറിയിച്ചു.

രേഖകളില്ലാതെ കഴിയുന്ന അഫ്ഗാന്‍ പൗരന്മാരെയാണ് പിടികൂടിയത്. സിന്ധിലെ പ്രസിദ്ധ ലാല്‍ ശഹബാസ് ഖലന്ദര്‍ സൂഫികേന്ദ്രത്തില്‍ നടന്ന ആക്രമണത്തില്‍ 88 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അഫ്ഗാന്‍ അതിര്‍ത്തികള്‍ അടച്ച് ശക്തമായ തിരച്ചിലാണ് പാക് സേന നടത്തുന്നത്.

 

News Summary - pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.