ഇന്ത്യ-പാക് സംഘര്‍ഷം: മധ്യസ്ഥനാകുമെന്ന ട്രംപിന്‍െറ വാഗ്ദാനം സ്വാഗതം ചെയ്യുന്നു –പാകിസ്താന്‍

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥനായി ഇടപെടാമെന്ന ഡോണള്‍ഡ് ട്രംപിന്‍െറ വാഗ്ദാനം സ്വാഗതം ചെയ്യുന്നതായി പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ട്രംപ് ഭരണകൂടവുമായി സഹകരിച്ച് മുന്നോട്ടുപോകാനുള്ള സന്നദ്ധതയും പാകിസ്താന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പു പ്രചാരണ വേളകളിലാണ് ട്രംപ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവെച്ചത്. ‘ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലവിലുള്ള സംഘര്‍ഷം ചൂടുപിടിച്ച വെടിമരുന്നുപെട്ടി പോലെയാണ്.

ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥനാകാന്‍ തയാര്‍’ -ഇതായിരുന്നു ട്രംപിന്‍െറ വാഗ്ദാനം. സാമ്പത്തികം, പ്രതിരോധം, ശാസ്ത്രസാങ്കേതികം, വിദ്യാഭ്യാസം, തീവ്രവാദത്തിനെതിരായ പോരാട്ടം എന്നീ വിഷയങ്ങളില്‍ യു.എസുമായി ബന്ധം നിലനിര്‍ത്താന്‍ പാകിസ്താന്‍ ആഗ്രഹിക്കുന്നു. കശ്മീര്‍ ജനതയുടെ ദുരവസ്ഥയില്‍ പാകിസ്താന് ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സകരിയ പറഞ്ഞു.

ഇന്ത്യയോടുള്ള സമീപനം; പാകിസ്താന് ആശങ്ക

 ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ പാകിസ്താന് ആശങ്ക. ട്രംപിന്‍െറ മുസ്ലിം വിരുദ്ധനിലപാടും, ഇന്ത്യയില്‍ അദ്ദേഹത്തിന് ബിസിനസ് സ്ഥാപനങ്ങളുള്ളതും, തങ്ങള്‍ക്കെതിരായ നിലപാടിന് ട്രംപിനെ പ്രേരിപ്പിക്കുമെന്നാണ് പാകിസ്താന്‍െറ പേടി.

പാകിസ്താനുമായുള്ള ബന്ധം യു.എസ് ഉപേക്ഷിക്കില്ളെങ്കിലും, ഹിലരിയെക്കാള്‍ കടുത്ത നിലപാടായിരിക്കും അദ്ദേഹമെടുക്കുകയെന്നും ലാഹോറിലെ വിദേശനയ വിദഗ്ധന്‍ ഹസന്‍ അസ്കരി രിസ്വി പറയുന്നു. അമേരിക്കക്ക് പാകിസ്താനുമായുള്ളതിനെക്കാള്‍ ഊഷ്മള ബന്ധം ഇന്ത്യയുമായി ഉണ്ടായേക്കുമെന്നും അദ്ദേഹം പറയുന്നു.

News Summary - pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.