റോഹിങ്ക്യ: സൂചിയെ വിമര്‍ശിച്ച് നൊബേല്‍ ജേതാക്കള്‍

യാംഗോന്‍: മ്യാന്മറില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കു നേരെ തുടരുന്ന വംശീയാതിക്രമത്തില്‍ ഓങ്സാന്‍ സൂചിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഡസനിലേറെ നൊബേല്‍ ജേതാക്കള്‍ രംഗത്ത്. യു.എന്‍ രക്ഷാസമിതിക്ക് എഴുതിയ തുറന്ന കത്തില്‍ വംശഹത്യയെ മാനവകുലത്തിനെതിരായ കുറ്റകൃത്യം എന്ന് അവര്‍ വിശേഷിപ്പിച്ചു. ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു, മലാല യൂസുഫ് സായി എന്നീ നൊബേല്‍ ജേതാക്കള്‍ അടക്കം 23 ആക്ടിവിസ്റ്റുകള്‍ ഈ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. സൂചിയുടെ നിലപാടില്‍ രൂക്ഷമായ വിമര്‍ശനമാണ് ഇവര്‍ ഉന്നയിച്ചത്. കുട്ടികള്‍ അടക്കം നൂറുകണക്കിന് ജീവനുകളെ സൈന്യം ഇല്ലാതാക്കി.

നിരവധി സിവിലയന്മാരെ അറസ്റ്റ് ചെയ്തു. മനുഷ്യാവകാശ സംഘടനകള്‍ക്ക് അവിടേക്ക് പ്രവേശനം നിഷേധിച്ചതായും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കുറ്റം ചെയ്തു എന്ന് സംശയിക്കുന്ന റോഹിങ്ക്യകളെ ചോദ്യം ചെയ്യുകയും അവരെ വിചാരണക്ക് വിധേയമാക്കുകയുമാണ് വേണ്ടത്. ദശലക്ഷക്കണക്കിന് ജനങ്ങളില്‍ ചെറിയൊരു ന്യൂനപക്ഷമാണ് റോഹിങ്ക്യകള്‍. ഇവരെ ജീവിക്കാന്‍ അനുവദിക്കുന്നതിന് പകരം അനധികൃത കുടിയേറ്റക്കാര്‍ ആയി കരുതി പൗരത്വം നിഷേധിക്കുകയാണ്. വര്‍ഷങ്ങളോളം ഭരണകൂടവും രാജ്യത്തെ ബുദ്ധന്മാരും ഒന്നിച്ചുചേര്‍ന്ന് അവരെ പീഡിപ്പിക്കുന്നു -കത്തില്‍ കുറ്റപ്പെടുത്തി.

ജനാധിപത്യ നായിക എന്നതടക്കമുള്ള വിശേഷണങ്ങള്‍ ഏറ്റുവാങ്ങിയ സൂചി 1991ല്‍ ആണ് സമാധാന നൊബേലിന് അര്‍ഹയായത്. എന്നാല്‍, റോഹിങ്ക്യന്‍ പ്രശ്നപരിഹാരത്തിന് സൂചി ഒരു തരത്തിലുള്ള മുന്‍കൈയും എടുത്തില്ളെന്ന് നൊബേല്‍ ജേതാക്കള്‍ അടക്കമുള്ളവര്‍ വിമര്‍ശിക്കുന്നു. രാജ്യത്തെ ധീരമായും മനുഷ്യത്വപരമായും സഹാനുഭൂമിയോടെയും നയിക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കുതന്നെയാണെന്നും കത്തില്‍ പറഞ്ഞു.

Tags:    
News Summary - nobel price winner critisise suji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.