ഇസ്ലാമാബാദ്: പാകിസ്താനിൽ പുതിയ മന്ത്രിസഭ അധികാരേമറ്റു. പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയുടെ 44 അംഗ മന്ത്രിസഭയിൽ ഭൂരിഭാഗം അംഗങ്ങളും പഴയമുഖങ്ങൾ തന്നെയാണ്. കേന്ദ്രമന്ത്രിമാരായി 28ഉം സഹമന്ത്രിമാരായി 18ഉം പേരാണുള്ളത്. പ്രസിഡൻറ് മംമ്നൂൻ ഹുസൈൻ മന്ത്രിമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ പ്രധാനമന്ത്രി നവാസ് ശരീഫ്, സഹോദരൻ ശഹബാസ് എന്നിവരുമായി ആറുമണിക്കൂർ നീണ്ട കൂടിയാലോചനക്കുശേഷമാണ് ശാഹിദ് മന്ത്രിമാരുടെ നിയമനത്തിൽ ധാരണയിലെത്തിയത്.
നവാസ് ശരീഫ് മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായിരുന്ന ഖ്വാജ ആസിഫിനെ വിദേശകാര്യമന്ത്രിയായി നിയമിച്ചു. 2013ൽ പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് പാർട്ടി അധികാരത്തിൽ വന്നതുമുതൽ രാജ്യത്ത് വിദേശകാര്യമന്ത്രി ഇല്ലായിരുന്നു. ഹിന റബ്ബാനിയായിരുന്നു ഏറ്റവും ഒടുവിൽ വിദേശകാര്യമന്ത്രി. ആസൂത്രണ വിഭാഗം മന്ത്രി അഹ്സൻ ഇഖ്ബാലിനാണ് ആഭ്യന്തരവകുപ്പ്. ഇശാഖ് ദർ ധനമന്ത്രിയായി തുടരും.
ഖുറം ദസ്തഗീർ ഖാന് പകരം പർവേശ് മാലിക് ആണ് വാണിജ്യമന്ത്രി. ഖുറമിനെ പ്രതിരോധ വകുപ്പ് മന്ത്രിയായി നിയമിച്ചു. സഅദ് റഫീഖ് റെയിൽവേമന്ത്രിയായും ചുമതലയേറ്റു. തലാൽ ചൗധരി, അർഷദ് ലഖാരി, ജുനൈദ് അൻവർ ചൗധരി എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങൾ. ചടങ്ങിനെത്താത്ത ദാനിയൽ അസീസ് ഉടൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് കരുതുന്നത്. ഒൗറംഗബാദിൽനിന്നുള്ള മർയം ആണ് മന്ത്രിസഭയിലെ വനിത.
വിവാദ പരാമർശത്തെ തുടർന്ന് നവാസ് ശരീഫ് പുറത്താക്കിയ മുശാഹിദുല്ല ഖാനെ മന്ത്രിസഭയിൽ തിരിച്ചെടുത്തു. നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം മൂലം മുൻ ആഭ്യന്തരമന്ത്രി നിസാർ അലി ഖാൻ മന്ത്രിസഭയിൽനിന്ന് പുറത്തായി. പാനമ കേസിൽ സുപ്രീംകോടതി അയോഗ്യനായി പ്രഖ്യാപിച്ചതിനാൽ നവാസ് ശരീഫ് രാജിവെച്ചതിനെ തുടർന്നാണ് രാജ്യത്ത് പുതിയ മന്ത്രിസഭ അധികാരമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.