മൂസില്‍ ആക്രമണം ഒരാഴ്ച പിന്നിട്ടു; പ്രതീക്ഷിച്ച മുന്നേറ്റമില്ല

ബഗ്ദാദ്: ഐ.എസിന്‍െറ ഇറാഖിലെ ശക്തികേന്ദ്രമായ മൂസില്‍ തിരിച്ചുപിടിക്കുന്നതിന് ആരംഭിച്ച ആക്രമണങ്ങള്‍ ഒരാഴ്ച പിന്നിട്ടു. എന്നാല്‍, വന്‍ സന്നാഹങ്ങളോടെ ആരംഭിച്ച മുന്നേറ്റത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. നഗരത്തിന്‍െറ വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങളില്‍നിന്നാണ് അമേരിക്കന്‍ സഖ്യസേനയുടെ സഹായത്തോടെ ഇറാഖിസേന ആക്രമണം തുടങ്ങിയത്. വ്യാപകമായി മൈനുകള്‍ സ്ഥാപിച്ചിരിക്കാനുള്ള സാധ്യതയും ഐ.എസ് ഭീകരരുടെ തിരിച്ചടിയും മുന്നേറ്റത്തിന് തടസ്സമാകുന്നുണ്ട്. അതിനിടെ, ഇറാഖിലെ മറ്റൊരു പട്ടണമായ കിര്‍കൂകില്‍ ആക്രമണം നടത്തി സര്‍ക്കാര്‍ സേനയുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ഐ.എസ് ശ്രമവും നടന്നു.

മൂസിലിനു കിഴക്ക് 15 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ പട്ടണമായ ബാര്‍തല്ല പിടിച്ചെടുക്കാന്‍ സേനക്ക് കഴിഞ്ഞിട്ടുണ്ട്. വടക്ക് പെഷ്മര്‍ഗ എന്നറിയപ്പെടുന്ന കുര്‍ദിഷ് സേനാവിഭാഗം നിരവധി ഗ്രാമങ്ങളും ബാഷിഖ പട്ടണവും പിടിച്ചെടുത്ത് മുന്നേറുന്നുണ്ട്. എന്നാല്‍, തെക്കന്‍ മേഖലയില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടക്കാന്‍ സൈന്യത്തിനായിട്ടില്ല. മൂസിലിന് 50 കിലോമീറ്റര്‍ ദൂരെയാണ് ഈ ഭാഗത്ത് ഇറാഖി സേനയുടെ സ്ഥാനം.
വ്യോമാക്രമണത്തിനും കരമാര്‍ഗമുള്ള മുന്നേറ്റത്തിനും അമേരിക്കന്‍ സേന സഹായം നല്‍കുന്നുണ്ട്. ബാഷിഖയിലേക്ക് നടത്തിയ ആക്രമണത്തിനിടെ ഒരു അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആദ്യ അമേരിക്കന്‍ സൈനികനാണിയാള്‍. പെഷ്മര്‍ഗ സേനക്ക് 25 പേരെയും ആക്രമണത്തില്‍ നഷ്ടമായി. രണ്ടു പത്രപ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്.

മൂസിലിലേക്കുള്ള പ്രവേശം എളുപ്പമാക്കുന്നതിന് കൂടുതല്‍ വ്യോമാക്രമണങ്ങള്‍ നടത്താന്‍ സംയുക്ത സേനയോട് ഇറാഖി പട്ടാളവും കുര്‍ദിഷ് സേനയും ആവശ്യപ്പെടുന്നുണ്ട്.കുര്‍ദിഷ് സേനയുടെ അപേക്ഷയെ തുടര്‍ന്ന് മൂസിലിലെ ഐ.എസ് കേന്ദ്രങ്ങളിലേക്ക് ആക്രമണമാരംഭിച്ചതായി തുര്‍ക്കി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ തുര്‍ക്കിയുടെ സഹായം ആക്രമണത്തിന് ആവശ്യമില്ളെന്ന് ഇറാഖ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇത് മുഖവിലക്കെടുക്കാതെ തുര്‍ക്കി ഇറാഖ് അതിര്‍ത്തിയില്‍ നിലയുറപ്പിക്കുകയായിരുന്നു.

കൂടുതലും ശിയാക്കളുള്ള ഇറാഖി സേന മൂസില്‍ പിടിച്ചെടുക്കുന്നത് ഇവിടെയുള്ള സുന്നി ഭൂരിപക്ഷത്തിന്‍െറ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്ന കണക്കുകൂട്ടലിലാണ് തുര്‍ക്കി. അതിനാലാണ് ഐ.എസ് വിരുദ്ധരായ സുന്നികളും ആക്രമണത്തിന്‍െറ ഭാഗമാകണമെന്ന നിലപാട് തുര്‍ക്കി സ്വീകരിച്ചത്.
അതേസമയം, ആക്രമണത്തില്‍ പങ്കാളികളാകുന്നതായ തുര്‍ക്കിയുടെ വാദം തെറ്റാണെന്ന പ്രസ്താവനയുമായി ഇറാഖ് സര്‍ക്കാര്‍ രംഗത്തുവന്നിട്ടുണ്ട്. മൂസില്‍ ആക്രമണത്തിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട വാക്പോര് തുര്‍ക്കി-ഇറാഖ് ബന്ധം വഷളാക്കിയിരി
ക്കയാണ്.

Tags:    
News Summary - mousil atttack,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.