തുര്‍ക്കി: ഭരണഘടന പരിഷ്കരണ ബില്ലിന് ഉര്‍ദുഗാന്‍െറ അംഗീകാരം

അങ്കാറ: പ്രസിഡന്‍റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിന് ഭരണഘടന പരിഷ്കരണത്തിന് ശിപാര്‍ശ ചെയ്യുന്ന ബില്ലിന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ പച്ചക്കൊടി. പാര്‍ലമെന്‍റില്‍ പാസാക്കിയ ബില്ല് പ്രസിഡന്‍റിന്‍െറ അംഗീകാരത്തിന് സമര്‍പ്പിക്കുകയായിരുന്നു. ബില്ലിന് അനുമതി ലഭിച്ചതോടെ ഈ വിഷയത്തില്‍ അടുത്തുതന്നെ ഹിതപരിശോധന നടക്കും.

ജനഹിത പരിശോധന അനുകൂലമായാല്‍ അമേരിക്കയെയും ഫ്രാന്‍സിനെയും പോലെ പ്രസിഡന്‍റിന് പരമാധികാരമുള്ള രാഷ്ട്രമായി തുര്‍ക്കി മാറും. ഹിതപരിശോധന ഏപ്രില്‍ 16ന് നടത്താനാണ് തീരുമാനമെന്ന് ഉപപ്രധാനമന്ത്രി നുഅ്മാന്‍ കുര്‍തുല്‍മസിനെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭരണഘടന ഭേദഗതി വരുത്തുന്നതോടെ അടിയന്തരാവസ്ഥ പ്രഖ്യാപനം, മന്ത്രിമാരുടെയും ഉന്നതതല ഉദ്യോഗസ്ഥരുടെയും നിയമനം, സുപ്രധാന വിധി പുറപ്പെടുവിക്കല്‍, പാര്‍ലമെന്‍റ് പിരിച്ചുവിടല്‍ എന്നിവ പ്രസിഡന്‍റിന്‍െറ സവിശേഷ അധികാരങ്ങളായി മാറും. അതായത് ആധുനിക തുര്‍ക്കിയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്‍റിന് പ്രത്യേക അധികാരങ്ങള്‍ കൈവരുകയും പ്രധാനമന്ത്രി പദം ഇല്ലാതാവുകയും ചെയ്യും. പകരം വൈസ്പ്രസിഡന്‍റ് സ്ഥാനം ഉണ്ടാകും.

അട്ടിമറികളില്ലാതാക്കി രാജ്യത്തെ സുസ്ഥിരമാക്കാനാണ് ഭരണഘടന പരിഷ്കരണമെന്ന് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. ഹിതപരിശോധനഫലം അനുകൂലമായാല്‍ തുര്‍ക്കിയില്‍ 2019 നവംബറില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കും. അധികാരം ഉര്‍ദുഗാനില്‍ കേന്ദ്രീകരിക്കാനുള്ള ശ്രമമാണിതെന്നാരോപിച്ച് പ്രതിപക്ഷം എതിര്‍പ്പുമായി രംഗത്തത്തെിയിട്ടുണ്ട്. വോട്ടെടുപ്പിലൂടെ ജനം അനുകൂലമായി വിധിയെഴുതിയാല്‍ 2029 വരെ അദ്ദേഹം പ്രസിഡന്‍റായി തുടരും.
നിലവില്‍ തുര്‍ക്കിയാല്‍ ഒരാള്‍ക്ക് രണ്ടു തവണയേ പ്രസിഡന്‍റാവാന്‍ കഴിയൂ. എന്നാല്‍ പരിഷ്കരണം വരുന്നതോടെ ഉര്‍ദുഗാന്‍െറ ഇപ്പോഴത്തെ പ്രസിഡന്‍റ് കാലയളവ് അതില്‍ ഉള്‍പ്പെടില്ല.

Tags:    
News Summary - issues in turki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.