നൂറിലേറെ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇസ്രായേല്‍ പ്രവേശം നിഷേധിച്ചു

തെല്‍ അവീവ്: മാനുഷിക സഹായവുമായി എത്തുന്ന ഫലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുകളും അക്കാദമിസ്റ്റുകളുമടക്കം 100ലേറെ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഈ വര്‍ഷം ഇസ്രായേല്‍ പ്രവേശം നിഷേധിച്ചതായി റിപ്പോര്‍ട്ട്. ഇത്  ഇസ്രായേലിന്‍െറ വിവേചനപരമായ നീക്കമായും അക്കാദമി സ്വാതന്ത്ര്യത്തിന്‍െറ ഏകപക്ഷീയമായ ലംഘനമായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതിര്‍ത്തിയില്‍നിന്ന് മടക്കിയയച്ചവരുടെ കൂട്ടത്തില്‍ സ്കൂള്‍ ഓഫ് ഓറിയന്‍റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസിലെ മുതിര്‍ന്ന അധ്യാപകന്‍ ഡോ. ആദം ഹനിയ്യയും പെടും.

വെസ്റ്റ് ബാങ്കിലെ ബിര്‍സെയ്തി സര്‍വകലാശാലയില്‍ ക്ളാസുകള്‍ എടുക്കാന്‍ എത്തിയപ്പോഴായിരുന്നു കഴിഞ്ഞ മാസം 12ന് തെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ തടഞ്ഞത്. ലണ്ടനിലേക്ക് മടക്കിയയക്കുന്നതിനു മുമ്പ്  രാത്രി മുഴുവന്‍ ഹാനിയെ തടവില്‍ ഇട്ടു. ഇതിനുപുറമെ ഇസ്രായേലിലേക്ക് പ്രവേശിക്കുന്നതിന് പത്തു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ പ്രവേശം നിഷേധിച്ച ബ്രിട്ടീഷ് പൗരന്മാരുടെ എണ്ണം 115 ആയെന്ന് ഇസ്രായേലിന്‍െറ ഒൗദ്യോഗിക കണക്കുകള്‍തന്നെ വ്യക്തമാക്കുന്നു.  

രാജ്യത്തെ നിയമങ്ങള്‍  ചില സാഹചര്യങ്ങളില്‍ വിവേചനപരമായി പ്രയോഗിക്കുന്നതായി ഇസ്രായേലിന്‍െറ നടപടിയെ വിമര്‍ശിച്ച് മനുഷ്യാവകാശ അഭിഭാഷക എമിലി ഷെഫര്‍ പ്രതികരിച്ചു. പ്രവേശം നിഷേധിക്കപ്പെട്ട വിദേശ പൗരന്മാര്‍ക്കുവേണ്ടി  പ്രവര്‍ത്തിച്ചുവരുകയാണിവര്‍. മാനുഷിക സഹായവുമായി എത്തുന്ന ഫലസ്തീന്‍, അറബ് പാരമ്പര്യം പേറുന്നവരുടെ നേര്‍ക്ക് ഇത്തരം സമീപനങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി കണ്ടുകൊണ്ടിരിക്കുകയാണെന്നും ഇവരെ തികച്ചും ന്യായരഹിതമായി ഉന്നമിടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അറബ് പാരമ്പര്യം ഇല്ലാത്ത ജൂതന്മാരോ മറ്റോ ആണെങ്കില്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇവര്‍ക്ക് ഏറ്റവും വേഗത്തില്‍ പ്രവേശം നല്‍കുന്നതായും എമിലി സൂചിപ്പിച്ചു. അല്ലാത്തവര്‍ ദീര്‍ഘിച്ച ചോദ്യം ചെയ്യലിന് വിധേയരാവുന്നു. ഈ കടമ്പ കടന്ന് പ്രവേശം അനുവദിച്ചാലും വീണ്ടും ചോദ്യംചെയ്യലിന് വിധേയരാവുകയും ബഗേജുകള്‍ പൂര്‍ണമായി പരിശോധിക്കുകയും ചെയ്യും.

ലാപ്ടോപ്, ഫോണ്‍, കാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിശദ പരിശോധനക്ക് വിധേയമാക്കും. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ എല്ലാം പിന്നീട് ഉപയോഗിക്കാനായി സൂക്ഷിച്ചുവെക്കും. ഇതേ കാലയളവില്‍ 1,29,000 ബ്രിട്ടീഷ് പൗരന്മാര്‍ രാജ്യം സന്ദര്‍ശിച്ചിട്ടുണ്ടെന്നായിരുന്നു പാര്‍ലമെന്‍റില്‍ ഉയര്‍ന്ന ചോദ്യത്തിന് പശ്ചിമേഷ്യന്‍ മന്ത്രിയും എസ്.ഡി.എല്‍.പി എം.പിയുമായ തോബിയാസ് എല്‍വുഡിന്‍െറ പ്രതികരണം.

ബെന്‍ ഗുറിയോണില്‍നിന്ന് 50 പേരെ മാത്രമാണ് മടക്കിയയച്ചതെന്നുമാണ് അവരുടെ വാദം. ഇസ്രായേലിലെ ഏക അന്താരാഷ്ട്ര വിമാനത്താവളംകൂടിയാണ് അധിനിവിഷ്ട ഫലസ്തീനിലെ ബെന്‍ ഗുറിയോണിലുള്ളത്.

 

Tags:    
News Summary - israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.