ബഗ്ദാദ്: യു.എസ് സഖ്യസേനയുടെ പിന്തുണയോടെ മൂസിലിനടുത്ത 20 ഗ്രാമങ്ങള്‍ ഇറാഖി സൈന്യം പിടിച്ചെടുത്തു. കൂടുതല്‍ ഭാഗങ്ങളിലേക്ക് പോരാട്ടം ശക്തമാക്കിയിരിക്കയാണ്. മൂസിലിനടുത്ത് 200 സ്ക്വയര്‍ കി.മീ ഭാഗം ഐ.എസില്‍നിന്ന് മോചിപ്പിച്ചതായി ഇറാഖി സൈന്യം അവകാശപ്പെട്ടു. യു.എസ് സൈന്യത്തിന്‍െറ പിന്തുണയോടെയാണ് പോരാട്ടം. കുര്‍ദ് പെഷമെര്‍ഗ സൈന്യവും ഓപറേഷനില്‍ പങ്കാളിയായിരുന്നു. അതിനിടെ കിഴക്കന്‍ മൂസിലിന്‍െറ 30 കി.മീറ്ററോളം മുന്നേറിയതിനു ശേഷം ഓപറേഷനില്‍നിന്ന് താല്‍കാലികമായി പിന്‍വാങ്ങുന്നതായി കുര്‍ദ് സേന അറിയിച്ചു.

അടുത്ത ഘട്ടത്തിലേക്കു കടക്കുന്ന പോരാട്ടത്തില്‍ പങ്കാളിയാവണമെന്ന് ഇറാഖി സൈന്യം സമ്മര്‍ദം തുടരുകയാണ്. തങ്ങളുടെ ലക്ഷ്യം നേടിക്കഴിഞ്ഞതായി കുര്‍ദിഷ് പെഷ്മെര്‍ഗ മേധാവി കേണല്‍ ഖതേര്‍ ഷെയ്താന്‍ വ്യക്തമാക്കി. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൂസില്‍ ഐ.എസില്‍നിന്ന് തിരിച്ചുപിടിക്കാന്‍ തിങ്കളാഴ്ചയാണ് സൈന്യം പോരാട്ടം ശക്തമാക്കിയത്.

2014ലാണ് ഈ നഗരം  ഐ.എസ് പിടിച്ചെടുത്തത്. മൂസില്‍ ഉടന്‍ ഐ.എസില്‍നിന്ന് മോചിപ്പിക്കാന്‍ കഴിയുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും എന്നാല്‍, ഇതോടെ ഭീകരരുടെ ഭീഷണി അവസാനിച്ചുവെന്ന് അര്‍ഥമില്ളെന്നും ഇറാഖി കുര്‍ദിസ്താന്‍ പ്രസിഡന്‍റ് മസൂദ് ബര്‍സാനി പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസവും മൂസിലില്‍ കനത്ത പോരാട്ടം നടക്കുകയാണെന്ന് പെന്‍റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് അറിയിച്ചു. രാത്രികളിലും പോരാട്ടം തുടരുകയാണ്. ഐ.എസിന്‍െറ ഭാഗത്തുനിന്ന് ശക്തമായ ചെറുത്തുനില്‍പാണ് സൈന്യം നേരിടുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഐ.എസിന്‍െറ ഒഴുക്കുണ്ടാവുമെന്ന് മുന്നറിയിപ്പ്

മൂസില്‍ ഇറാഖി സൈന്യം പിടിച്ചെടുക്കുന്നതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഐ.എസ് ഭീകരരുടെ ഒഴുക്കുണ്ടാവുവെന്ന് സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട്.  ഇത് യൂറോപ്യന്‍ യൂനിയന് കനത്ത സുരക്ഷാഭീഷണിയുണ്ടാക്കുമെന്നും കരുതിയിരിക്കണമെന്നും സുരക്ഷാ കമീഷണര്‍ ജൂലിയന്‍ കിങ് മുന്നറിയിപ്പു നല്‍കി.

ഐ.എസിന്‍െറ അഞ്ചിലൊരു ഭാഗം  (അതായത് 3700  ഭീകരര്‍) പടിഞ്ഞാറന്‍ യൂറോപ്പില്‍ സ്വതന്ത്രമായി വിഹരിക്കുന്നുണ്ട്. അതില്‍ 1200 പേര്‍ ഫ്രാന്‍സിലാണ്.

മൂസിലില്‍ 4000ത്തിനും 8000യിരത്തിനുമിടെ ഐ.എസ് ഭീകരര്‍ ഉണ്ടെന്നാണ് കരുതുന്നത്. ഇറാഖില്‍ ഐ.എസിന് ആധിപത്യമുള്ള ഏക മേഖലയും മൂസിലാണ്.   ആധിപത്യം നഷ്ടപ്പെട്ടാല്‍ മൂസിലില്‍ നിന്ന് സിറിയന്‍ അതിര്‍ത്തിവഴി ഇവര്‍ സിറിയയിലേക്ക് കടക്കുമെന്ന ഭീതിയിലാണ് തുര്‍ക്കിയും.

‘മൂസിലുമായി ഏറ്റവും അടുത്തു കിടക്കുന്നത് തുര്‍ക്കിയാണ്. അതിനാല്‍ ജര്‍മനിയും ഫ്രാന്‍സുമല്ല ഭീകരര്‍ തെരഞ്ഞെടുക്കുക. തുര്‍ക്കിക്കാണ് അവര്‍ ഭീഷണി’ -തുര്‍ക്കി ഉപപ്രധാനമന്ത്രി നുഅ്മാന്‍ കുര്‍തുല്‍മസ് പറഞ്ഞു.

 

 

 

 

 

Tags:    
News Summary - iraqi military mosul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.