ഇറാഖ് സേന മൂസിലില്‍; 25,000 പേരെ മനുഷ്യകവചമാക്കാനുള്ള ഐ.എസ് നീക്കം തകര്‍ത്തു

ബഗ്ദാദ്: വടക്കന്‍ ഇറാഖില്‍ മൂസില്‍ നഗരം തിരിച്ചുപിടിക്കാന്‍ സൈന്യവും കുര്‍ദ് പെഷ്മെര്‍ഗകളും നടത്തുന്ന ഐ.എസ് വേട്ട നിര്‍ണായക ഘട്ടത്തില്‍. മൂസിലിന്‍െറ നഗരാതിര്‍ത്തിയായ ജുദൈദത്ത് അല്‍ മുഫ്തി പ്രദേശത്ത് ഇറാഖ് സൈന്യം എത്തി. ഇവിടെ ഐ.എസിനെതിരെ ശക്തമായ ആക്രമണമാണ് ഇറാഖ് സേന നടത്തിക്കൊണ്ടിരിക്കുന്നത്.

 അതേസമയം, സൈന്യത്തിനെതിരെ ഐ.എസ് ശക്തമായ പ്രതിരോധ ശ്രമമാണ് നടത്തുന്നത്. പരാജയം മുന്നില്‍കാണുന്ന ഭീകരസംഘം മുന്‍ സൈനികരായ 40 പേരെ കൊന്നതിനുശേഷം മൃതദേഹം ടൈഗ്രിസ് നദിയിലേക്ക് എറിഞ്ഞതായി ഐക്യരാഷ്ട്ര സഭ വക്താവ് പറഞ്ഞു. ബസുകളിലും ട്രക്കുകളിലുമായി ആളുകളെ കടത്താനുള്ള നീക്കം സഖ്യസേനയുടെ വ്യോമസേന തകര്‍ത്തതായും യു.എന്‍ മനുഷ്യാവകാശ വക്താവ് രവീണ ശംദസാനി പറഞ്ഞു.

അതിനിടെ, മൂസിലിലെ ഐ.എസ് ഭീകരര്‍ കീഴടങ്ങണമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി ടെലിവിഷന്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം പുനരാരംഭിച്ച ഐ.എസ്. വേട്ട മുന്നേറുകയാണ്. ഗുഗ്ജാലി പ്രദേശത്തേക്ക് ഇറാഖ് സൈന്യം എത്തി. ഇവിടെയുള്ള സിവിലിയന്മാരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് നീക്കാനുള്ള നടപടികള്‍ തുടങ്ങി.

സൈന്യത്തിനെതിരെ, ടാങ്ക്വേധ മിസൈലുകളും, ചെറുആയുധങ്ങളുമായി ഭീകരസംഘം പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. മൂസിലിലെ എണ്ണക്കിണറുകള്‍ക്ക് ഐ.എസ് തീകൊടുത്തതിനാല്‍ ആകാശം ഇരുണ്ടുമൂടിയിരിക്കുകയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സഖ്യസേനയുടെ വ്യോമാക്രമണം തടയാനാണ് എണ്ണക്കിണറുകള്‍ക്ക് തീവെച്ചത്

അതിനിടെ, മൂസിലിന് സമീപം ഫദിലി ഗ്രാമത്തില്‍ യു.എസ് സേന നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ എട്ടുപേര്‍ കൊല്ലപ്പെട്ടു. വീടിനുനേരെ രണ്ടു തവണ ആക്രമണം നടത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു. ഐ.എസ് വേട്ട തുടങ്ങിയതിനുശേഷം, പാശ്ചാത്യരാജ്യങ്ങളുടെ കീഴിലുള്ള സഖ്യസേന നടത്തുന്ന നീക്കത്തില്‍ ഇതാദ്യമായാണ് സിവിലിയന്മാര്‍ക്കുനേരെ ആക്രമണമുണ്ടാകുന്നത്..

Tags:    
News Summary - iraq conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.