ബെയ്ജിങ്: ചൈനയുടെ കസ്റ്റഡിയിലുള്ള മുൻ ഇൻറർപോൾ മേധാവി മെങ് ഹോങ്വെയ്ക്കെതിരെ അഴിമതിക്കേസ് ചുമത്തി. 13 ദിവസമായി കാണാതായ ഇദ്ദേഹം കസ്റ്റഡിയിലുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഇൻറർപോൾ പ്രസിഡൻറ് സ്ഥാനം മെങ് രാജിവെച്ചതായി അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു.
അഴിമതിക്കേസിലാണ് മെങ്ങിനെ കസ്റ്റഡിയിലെടുത്തതെന്ന് ചൈനീസ് പൊതു സുരക്ഷാ മന്ത്രാലയമാണ് പ്രസ്താവനയിറക്കിയത്. മെങ് രാജ്യത്തെ നിയമത്തെ ലംഘിച്ചതായി കണ്ടെത്തിയതായും ചൈനീസ് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ ആരോപിക്കുന്നു.
ലോകത്തെ ഏറ്റവും സുപ്രധാന അന്വേഷണ ഏജൻസിയുടെ മേധാവിയെ ദിവസങ്ങളോളം കാണാതായത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറംലോകമറിഞ്ഞത്. ഇതിനെ തുടർന്ന് ഫ്രാൻസിൽ കഴിയുന്ന ഇദ്ദേഹത്തിെൻറ ഭാര്യ ഗ്രേസ് വെള്ളിയാഴ്ച വാർത്തസമ്മേളനം നടത്തി.
ചൈന സന്ദർശനത്തിനു പോയ ഭർത്താവിനെക്കുറിച്ച് കഴിഞ്ഞമാസം 25 മുതൽ ഒരു വിവരവുമില്ലെന്ന് അവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അവസാനമായി അയച്ച മെസേജ് ഒരു കത്തിയുടെ ചിത്രമാണെന്നും അപകടത്തിൽ പെട്ടതായാണ് കരുതുന്നതെന്നും ഇവർ പറഞ്ഞിരുന്നു. ഇതിെൻറ തുടർച്ചയായാണ് ചൈനീസ് വൃത്തങ്ങൾ കസ്റ്റഡി സ്ഥിരീകരിച്ച് രംഗത്തെത്തിയത്.
നേരത്തേ ചൈനീസ് വംശജനായ ഒരാൾ ഇൻറർപോൾ തലപ്പത്തെത്തിയത് കമ്യൂണിസ്റ്റ് ഭരണകൂടത്തിന് സഹായകമായെന്ന് വിമർശനമുണ്ടായിരുന്നു. എന്നാൽ, ദൈനംദിന പ്രവർത്തനങ്ങളിൽ മെങ് ഇടപെടാറില്ലെന്ന് ഇൻറർപോൾ ഇതിന് മറുപടി നൽകിയിരുന്നു. ഇപ്പോഴത്തെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടോ എന്നത് വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.