വാഷിങ്ടൺ: ഇറാനിൽ പ്രസിഡൻറ് ഹസൻ റൂഹാനി നയിക്കുന്ന ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയവർക്ക് പിന്തുണ പ്രഖ്യാപിച്ച് യു.എസും ഇസ്രായേലും. രക്തരൂഷിതമായി മാറിയ പ്രക്ഷോഭം ഇറാൻ ജനത ഒടുവിൽ ബുദ്ധിപൂർവം നീങ്ങുന്നതിെൻറ സൂചനയാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. പ്രതിഷേധക്കാർ ആദ്യമായി തെരുവിലിറങ്ങിയ വ്യാഴാഴ്ചതന്നെ ട്രംപ് പരസ്യപിന്തുണയുമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞദിവസം രണ്ടു പേർ കൊല്ലപ്പെടുകയും നവമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തതോടെയാണ് വീണ്ടും ട്വിറ്ററിൽ കടുത്ത വാക്കുകളുമായി അദ്ദേഹം എത്തിയത്. സമാധാനപരമായി രംഗത്തിറങ്ങാനുള്ള ഇറാൻ ജനതയുടെ അവകാശങ്ങളെ അമേരിക്ക പിന്തുണക്കുന്നുവെന്നും അവരുടെ വാക്കുകൾ പുറംലോകം കേൾക്കേണ്ടതാണെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് പറഞ്ഞു. യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലിയും ഇറാൻ ജനതക്ക് പിന്തുണ അറിയിച്ചു.
ഇറാനെ പശ്ചിമേഷ്യയിലെ ഒന്നാം നമ്പർ ശത്രുവായി കാണുന്ന ഇസ്രായേലും തെഹ്റാനിലെ പ്രക്ഷോഭകർക്ക് വിജയമാശംസിച്ച് രംഗത്തെത്തി. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സമരങ്ങൾക്ക് ഒപ്പം നിൽക്കുന്നുവെന്നും എന്നാൽ, സംഘർഷങ്ങൾക്ക് പിന്നിൽ തെൻറ രാജ്യമല്ലെന്നും ഇസ്രായേൽ രഹസ്യാന്വേഷണ മന്ത്രി യിസ്രായേൽ കാറ്റ്സ് പറഞ്ഞു. ഇറാനിൽ റൂഹാനിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ അട്ടിമറിക്കാൻ ഇസ്രായേലും അമേരിക്കയും കിണഞ്ഞു ശ്രമിക്കുന്നുവെന്ന പരാതികൾക്കിടെയാണ് നാലുദിവസമായി തുടരുന്ന പ്രതിഷേധങ്ങൾക്ക് ഇരു രാജ്യങ്ങളും പിന്തുണയർപ്പിച്ചത്. ബറാക് ഒബാമ പ്രസിഡൻറായിരിക്കെ യു.എസും മറ്റു ലോക രാജ്യങ്ങളും ചേർന്ന് ഒപ്പുവെച്ച ഇറാൻ ആണവ കരാർ റദ്ദാക്കുമെന്ന് അടുത്തിടെ ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
അതേ സമയം, രാജ്യത്ത് പ്രതിഷേധവുമായി തെരുവിലിറങ്ങാൻ ഏവർക്കും അവകാശമുണ്ടെന്നും എന്നാൽ, ജനങ്ങളെ അരക്ഷിതരാക്കുന്ന ഒന്നും അനുവദിക്കില്ലെന്നും ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി പറഞ്ഞു. ഇറാൻ ജനതയെ മൊത്തത്തിൽ തീവ്രവാദികളെന്ന് വിളിച്ച ട്രംപ് തന്നെ അവർക്ക് പിന്തുണയുമായി രംഗത്തെത്തിയതിനെയും അദ്ദേഹം പരിഹസിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കുമെതിരെ രാജ്യത്തെ രണ്ടാമത്തെ വലിയ പട്ടണമായ മഷ്ഹദിൽ വ്യാഴാഴ്ച ആരംഭിച്ച പ്രക്ഷോഭം തെഹ്റാൻ ഉൾപ്പെടെ മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. വിദ്യാർഥികളും സമരത്തിനിറങ്ങുന്നതായാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. അക്രമസംഭവങ്ങളിൽ ഇതുവരെ 12 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.