ചൈന ആണവ വാഹിനി  മിസൈല്‍ പരീക്ഷിച്ചു 


ബെയ്ജിങ്: പത്ത് ആണവ ആയുധങ്ങള്‍വരെ വഹിക്കാന്‍ ശേഷിയുള്ള പുതിയതരം മിസൈല്‍ ചൈന പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞമാസം നടത്തിയ ഡി.എഫ്- 5c എന്ന പേരിലുള്ള മിസൈലിന്‍െറ പരീക്ഷണം ചൈനയുടെ ആണവ ആയുധശേഷിയില്‍ വന്‍ മാറ്റത്തിന്‍െറ സൂചനയായാണ് വിലയിരുത്തുന്നത്. 

ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം യു.എസുമായുള്ള ഉരസലിന്‍െറ പശ്ചാത്തലത്തില്‍കൂടിയാണ് ഇത്. പരീക്ഷണം യു.എസ് രഹസ്യാന്വേഷണ ഏജന്‍സി വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു. ഷാങ്സി പ്രവിശ്യയിലെ തായുവാന്‍ സ്പേസ് ലോഞ്ച് സെന്‍ററില്‍നിന്ന് പത്ത് ഡമ്മി ആണവായുധങ്ങളുമായി കുതിച്ചുയര്‍ന്ന മിസൈല്‍ പടിഞ്ഞാറന്‍ ചൈനയിലെ മരുഭൂമിയില്‍ പതിച്ചതായി വാഷിങ്ടണ്‍ ഫ്രീ ബീക്കണ്‍ റിപ്പോര്‍ട്ട് ചെയ്തു. 1980കളില്‍ ആദ്യമായി പുറത്തിറക്കിയ ഡി.എഫ് -5 എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്‍െറ മറ്റൊരു പതിപ്പാണ് ഡി.എഫ്- 5c.  

ചൈന ദശകങ്ങളായി പരീക്ഷിച്ചുവരുന്ന ആണവായുധങ്ങളുടെ എണ്ണം 250ഓളം വരുമെന്നാണ് യു.എസിന്‍െറ  കണക്ക്. ആണവായുധ വിഷയത്തില്‍ ചൈനയുടെ സുതാര്യമല്ലാത്ത നിലപാട് മേഖലയെ അസ്ഥിരപ്പെടുത്തുമെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥര്‍  മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 
തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍തന്നെ ഡോണള്‍ഡ് ട്രംപ് ചൈനക്കെതിരായ നീക്കത്തിന്‍െറ സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍, പുതിയ പരീക്ഷണം ട്രംപിനെ ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ളെന്ന് ഒരു ചൈനീസ് സൈനിക വിദഗ്ധന്‍ അറിയിച്ചു. 

ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമീഷന്‍െറ അനുമതിയോടുകൂടിയാണ് പരീക്ഷണമെന്നും ഒരു വര്‍ഷത്തോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് അനുമതി ലഭിച്ചതെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സൗത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

Tags:    
News Summary - China tests missile with 10 nuclear warheads: Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.