ട്രംപുമായി സഹകരിക്കാന്‍ തയാര്‍ –ബശ്ശാര്‍ അല്‍അസദ്

വാഷിങ്ടണ്‍: നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ്. ട്രംപിന്‍െറ നയങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നത്. ട്രംപ് ഭരണകൂടം പശ്ചിമേഷ്യയില്‍ ഇടപെടുന്നതില്‍നിന്ന് പിന്‍വാങ്ങുമെന്നാണ് പ്രതീക്ഷ.

മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തമായിരിക്കും തന്‍െറ വിദേശകാര്യ നയങ്ങളെന്ന് ട്രംപ് വ്യക്തമാക്കിയ സാഹചര്യത്തിലാണിതെന്നും ബശ്ശാറിന്‍െറ വക്താവ് വ്യക്തമാക്കി. അധികാരത്തിലേറിയാല്‍ അലപ്പോയിലും ഇദ് ലിബിലും വിമതര്‍ക്കു പിന്തുണ നല്‍കുന്ന യു.എസ് സൈന്യത്തെ പിന്‍വലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

19ാം നൂറ്റാണ്ടുമുതല്‍ സാമ്രാജ്യത്വസ്വഭാവം തുടരുന്ന അമേരിക്കയുടെ തലപ്പത്ത് പ്രവചനാതീത സ്വഭാവമുള്ള ട്രംപ് വന്നാല്‍ പശ്ചിമേഷ്യയോടുള്ള സമീപനമെന്തെന്ന് ആശങ്കയുയര്‍ന്നിരുന്നു. ട്രംപ് ഭരണത്തിന്‍െറ ആദ്യ ഇര ഒരുപക്ഷേ, സിറിയന്‍ ജനതയായിരിക്കും. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികള്‍ ലോകത്താകമാനം ഭീകരത വിതക്കുന്നുവെന്ന് കൊട്ടിഘോഷിച്ചു നടന്ന ട്രംപ് അധികാരത്തിലേറിയാല്‍ കുടിയേറ്റക്കാരെ വിലക്കി രാജ്യത്തിന്‍െറ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുകയാവും ആദ്യം ചെയ്യുക.

വ്ളാദിമിര്‍ പുടിനുമായുള്ള ട്രംപിന്‍െറ ചങ്ങാത്തത്തിന്‍െറ സ്വാധീനവലയത്തില്‍ റഷ്യന്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള നയമായിരിക്കും പിന്തുടരുക. സിറിയയില്‍ ബശ്ശാര്‍ അല്‍അസദിനെ അനുകൂലിക്കുന്നതാണ് റഷ്യയുടെ സമീപനമെന്നതിനാല്‍ യു.എസും ആ പാത പിന്തുടരും. അതോടെ സിറിയന്‍ പ്രതിപക്ഷത്തിന് യു.എസ് തുടരുന്ന പിന്തുണ അവസാനിക്കും.

യു.എസ് ഭരണകൂടം ബശ്ശാര്‍ സര്‍ക്കാറുമായി സഹകരണത്തിലേക്ക് നീങ്ങും. ഇതേ ചുവടുപിടിച്ച് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായും ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്ഹ് അല്‍സീസിയുമായും നല്ല ബന്ധം നിലനിര്‍ത്താന്‍ ട്രംപ് ശ്രമിക്കും.

ഇറാനില്‍ ഒബാമ ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ കൊണ്ടുവന്ന ആണവകരാര്‍ മരവിപ്പിക്കാനും നീക്കമുണ്ടാവും. ട്രംപ് ഭരണകൂടത്തില്‍ ഇസ്രായേലുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. ട്രംപിന്‍െറ വിജയത്തോടെ ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമെന്ന അവകാശവാദം അവസാനിച്ചതായി ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Bashar al-Assad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.