അലപ്പോ സൈന്യത്തിന്‍െറ പൂര്‍ണ നിയന്ത്രണത്തില്‍

ഡമസ്കസ്: കിഴക്കന്‍ അലപ്പോയില്‍ മുഴുവന്‍ ഭാഗങ്ങളും വിമതരില്‍നിന്ന് ബശ്ശാര്‍ സൈന്യം തിരിച്ചുപിടിച്ചു. അലപ്പോയില്‍ പ്രാന്തപ്രദേശങ്ങളില്‍നിന്ന് അവശേഷിക്കുന്ന വിമതകുടുംബങ്ങളെയും ഒഴിപ്പിച്ചതായി സൈന്യം അറിയിച്ചു. 4000 പേരെയാണ് വ്യാഴാഴ്ച മേഖലയില്‍നിന്ന് ഒഴിപ്പിച്ചത്. ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ചരിത്ര നഗരം സൈന്യം നിയന്ത്രണത്തിലാക്കിയത്.

ഭീകരതക്കെതിരായ യുദ്ധത്തില്‍ നിര്‍ണായകമാണ് അലപ്പോയിലെ വിജയമെന്ന് സൈന്യം സന്ദേശത്തില്‍ പറഞ്ഞു. തീവ്രവാദം വേരോടെ പിഴുതെറിയാന്‍ പോരാട്ടം തുടരുന്നതിനൊപ്പം മേഖലയില്‍ സുരക്ഷയും സുസ്ഥിരതയും വര്‍ധിപ്പിക്കുമെന്നും സൈന്യം വ്യക്തമാക്കി. 2012ലാണ് അലപ്പോ വിഭജിക്കപ്പെട്ടത്. അലപ്പോയുടെ കിഴക്കന്‍ മേഖല വിമതരുടെയും പടിഞ്ഞാറന്‍ മേഖല സര്‍ക്കാറിന്‍െറയും നിയന്ത്രണത്തിലായിരുന്നു.

കൂടുതല്‍ പേരെയും ഒഴിപ്പിച്ചത് വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് പ്രവിശ്യയിലേക്കാണ്.  അഭയാര്‍ഥികളുടെ തള്ളിക്കയറ്റം ഇദ് ലിബിനെ മറ്റൊരു അലപ്പോയാക്കുമെന്ന് യു.എന്‍ പ്രത്യേക പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തൂര മുന്നറിയിപ്പു നല്‍കി.നഗരം പൂര്‍ണമായി വിമതരില്‍നിന്ന് തിരിച്ചുപിടിച്ചത് സിറിയയിലെ യുദ്ധം അവസാനിക്കുന്ന കാര്യത്തില്‍ നിര്‍ണായകമാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍.

സിറിയയില്‍ യുദ്ധം അവസാനിപ്പിക്കാനായി എന്തിനും തയാറാണ്. സിറിയയെ പൂര്‍വസ്ഥിതിയിലാക്കാന്‍ ഇത് വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നതായും പുടിന്‍ പറഞ്ഞു.  2015 സെപ്റ്റംബര്‍ മുതലാണ് ബശ്ശാറിനു പിന്തുണയുമായി റഷ്യ വ്യോമാക്രമണം തുടങ്ങിയത്.

Tags:    
News Summary - aleppo battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.