സിറിയയിൽ വിമതകേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം രൂക്ഷം

ഡമസ്കസ്: കിഴക്കന്‍ അലപ്പോ വിമതരില്‍നിന്ന് തിരിച്ചുപിടിക്കാന്‍ റഷ്യന്‍ പോര്‍വിമാനങ്ങളുടെ പിന്തുണയോടെ സിറിയന്‍ സൈന്യം ആക്രമണം രൂക്ഷമാക്കി. എന്നാല്‍, ആക്രമണത്തില്‍ പങ്കുണ്ടെന്ന കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടില്ല. തുടരെയുള്ള ആക്രമണങ്ങള്‍ മേഖലയിലെ രണ്ട് ജലവിതരണ കേന്ദ്രങ്ങള്‍ തകര്‍ത്തു. കുടിവെള്ള സംവിധാനം തകര്‍ന്നതോടെ 20 ലക്ഷത്തോളം ആളുകള്‍ ദുരിതത്തിലായതായി യു.എന്‍ റിപ്പോര്‍ട്ട്. മലിനജലം ഉപയോഗിക്കുന്നതുമൂലം കുട്ടികളുള്‍പ്പെടെ ജലജന്യരോഗങ്ങളാല്‍ വലയുകയാണ്. ബാബുല്‍ നെയ്റാബിലെയും സുലൈമാനുല്‍ ഹലബിയിലെയും ജലവിതരണ കേന്ദ്രങ്ങളാണ് തകര്‍ന്നത്.

സര്‍ക്കാര്‍ അധീന പടിഞ്ഞാറന്‍ അലപ്പോയിലെ 15 ലക്ഷത്തിലേറെ ജനം വെള്ളത്തിനായി ആശ്രയിക്കുന്നത് സുലൈമാനുല്‍ ഹലബിയിലെ ജലവിതരണ കേന്ദ്രത്തെ യാണ്. ബാബു ല്‍ നെയ്റാബിലെ കേന്ദ്രത്തില്‍നിന്നാണ് കിഴക്കന്‍ മേഖലയിലെ 2,50,000 ആളുകള്‍ക്ക് വെള്ളം വിതരണം ചെയ്യുന്നത്. രണ്ട് കേന്ദ്രങ്ങളിലെയും തകരാറുകള്‍ ഉടന്‍ പരിഹരിച്ച് ജലവിതരണം പുന$സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഓരോ മിനിറ്റിലും ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുന്നില്ളെന്ന് തദ്ദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
സിറിയയില്‍ റഷ്യയുടെയും യു.എസിന്‍െറയും മാധ്യസ്ഥത്തിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ തിങ്കളാഴ്ച പരാജയപ്പെട്ടതോടെയാണ് സൈന്യം ആക്രമണം കനപ്പിച്ചത്.

‘സ്ഥിതിഗതികള്‍ നിരാശാജനകമാണ്. ആകാശത്ത് യുദ്ധവിമാനങ്ങള്‍ ഇരമ്പുകയാണ്’ -വിമതനേതാവ് അമ്മാറുല്‍ സെല്‍മോ പറഞ്ഞു. ശനിയാഴ്ച രാവിലെ കിഴക്കന്‍ അലപ്പോയിലെ നാലു മേഖലകളാണ് ബോംബിട്ട് തകര്‍ത്തത്. നിരവധി വീടുകള്‍ തകര്‍ന്നതായും കെട്ടിടങ്ങള്‍ നാമാവശേഷമായതായും പരിസരവാസികള്‍ പറയുന്നു. ശനിയാഴ്ച മാത്രം 50ലേറെ പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘങ്ങള്‍ അറിയിച്ചു. കുട്ടികള്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് രക്ഷപ്പെടുത്തിയത്. എന്നാല്‍, സിവിലിയന്മാരെയല്ല, വിമതരെയാണ് ആക്രമിക്കുന്നതെന്ന് സൈന്യം വെളിപ്പെടുത്തി. മൂന്നു ദിവസമായി മേഖലയില്‍ 150ലേറെ തവണ വ്യോമാക്രമണങ്ങള്‍ നടന്നതായി തദ്ദേശവാസികള്‍ പറയുന്നു. വെള്ളിയാഴ്ച രാത്രി മാത്രം 30 ആക്രമണങ്ങള്‍ നടന്നു.

‘ആക്രമണങ്ങളില്‍ ഭൂമി ശക്തമായി കുലുങ്ങുകയാണ്. കാല്‍പാദങ്ങള്‍ക്കിടയിലൂടെ മണ്ണ് ചോര്‍ന്നുപോകുന്ന പോലെ തോന്നുന്നു’ -അലപ്പോയിലെ ആക്ടിവിസ്റ്റ് ബഹാവുല്‍ ഹലബിയുടെ വാക്കുകള്‍. തുടരെയുള്ള ആക്രമണങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെയും ഗുരുതരമായി ബാധിച്ചിരിക്കയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.