യു.എ.ഇ 15,000 സിറിയന്‍ അഭയാര്‍ഥികളെ ഏറ്റെടുക്കും

അബൂദബി: അഞ്ച് വര്‍ഷത്തിനകം 15,000 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചു. യു.എന്‍ ആസ്ഥാനത്ത് അഭയാര്‍ഥി വിഷയത്തില്‍ നടന്ന ലോക നേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം ആല്‍ ഹാഷിമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സിറിയന്‍ പ്രതിസന്ധി തുടങ്ങുന്നതിന് മുമ്പ് തന്നെ 115,000 സിറിയക്കാര്‍ യു.എ.ഇയില്‍ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്തിരുന്നു. യു.എ.ഇയില്‍ വസിക്കുന്ന 200ലധികം രാജ്യക്കാരോടൊപ്പം അവര്‍ പ്രവര്‍ത്തിച്ചു. അന്ന് മുതല്‍ 123,000 സിറിയക്കാരെയാണ് യു.എ.ഇ സ്വാഗതം ചെയ്തിട്ടുള്ളത്. സമ്മേളനം സംഘടിപ്പിച്ചതിന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയോട് യു.എ.ഇക്ക് വേണ്ടി റീം ബിന്‍ത് ഇബ്രാഹിം ആല്‍ ഹാഷിമി നന്ദി പ്രകടിപ്പിച്ചു.  അഞ്ച് വര്‍ഷം കൊണ്ട് സിറിയന്‍ അഭയാര്‍ഥിളെ പിന്തുണക്കാനായി യു.എ.ഇ 75 കോടി ഡോളര്‍ ചെലവഴിച്ചു. 

ജോര്‍ഡന്‍, വടക്കന്‍ ഇറാഖ്, ഗ്രീസ് എന്നിവിടങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ യു.എ.ഇ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുകയും അടിസ്ഥാന ആരോഗ്യ സംവിധാനവും താമസസൗകര്യവും ഒരുക്കുകയും ചെയ്തിട്ടുണ്ട്. പുനരധിവാസം, വിദ്യാഭ്യാസം, പരിശീലനം, മാനസികരോഗങ്ങള്‍ക്ക് ശുശ്രൂഷ തുടങ്ങി അഭയാര്‍ഥികളുടെ അവഗണിക്കപ്പെട്ടുപോയ ആവശ്യങ്ങള്‍ പരിഹരിക്കാനും യു.എ.ഇ ശ്രമിച്ചിട്ടുണ്ട്. അഭയാര്‍ഥി പ്രശ്നം  ആഗോള പ്രതിഭാസമാണ്. ആഗോള അഭയാര്‍ഥി പ്രശ്നം പരിഹരിക്കുന്നതിന് ഫലപ്രദവും ഒത്തൊരുമിച്ചുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ഥതയോടെ യു.എ.ഇ പങ്കാളിത്തം വഹിക്കുമെന്നും റീം ബിന്‍ത് ഇബ്രാഹിം ആല്‍ ഹാഷിമി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.