പാക് മുന്‍ സൈനിക മേധാവിയുടെ മകന്‍െറ മോചനം: അല്‍ഖാഇദ മേധാവിയുടെ മക്കളെ വിട്ടയച്ചു

വാഷിങ്ടണ്‍: പാകിസ്താന്‍െറ മുന്‍ സൈനിക മേധാവി അഷ്ഫാഖ് കയാനിയുടെ മകനെ മോചിപ്പിക്കുന്നതിനായി അല്‍ഖാഇദ മേധാവി ഐമന്‍ അല്‍സവാഹിരിയുടെ രണ്ടു പെണ്‍മക്കളെയും മറ്റൊരു സ്ത്രീയെയും പാകിസ്താന്‍ വിട്ടയച്ചു. സൈനിക മേധാവിയുടെ തട്ടിക്കൊണ്ടുപോയ മകനെ രക്ഷപ്പെടുത്താന്‍ നടത്തിയ ഈ കൈമാറ്റം ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡമോക്രസീസിന്‍െറ പ്രോജക്ടായ ദ ലോങ് വാര്‍ ജേണലാണ് പുറത്തുകൊണ്ടുവന്നത്.

അറേബ്യന്‍ ഉപദ്വീപിലെ അല്‍ഖാഇദയുടെ(എ.ക്യു.പി.എ) അല്‍മസ്റ മാസികയുടെ ആഗസ്റ്റ് അവസാനത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട 20ാമത് എഡിഷനിലെ വിവരങ്ങള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

കയാനിയുടെ മകനെ തട്ടിക്കൊണ്ടുപോകാന്‍ അല്‍ഖാഇദക്കായെങ്കില്‍ അത് പാകിസ്താനില്‍ അവര്‍ നേടിയെടുത്ത സ്വാധീനമാണ് കാണിക്കുന്നതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തി. ആഗസ്റ്റ് മധ്യത്തില്‍ പോസ്റ്റ് ചെയ്യപ്പെട്ട ട്വീറ്റുകളാണ് വാര്‍ത്തക്ക് ആധാരമെന്ന് മാസിക പറയുന്നു. വിശുദ്ധ പോരാളികള്‍ക്കെതിരെയുള്ള യുദ്ധത്തിന്‍െറ ഭാഗമായി സവാഹിരിയുടെ മക്കളടക്കമുള്ളവര്‍ തടഞ്ഞുവെക്കപ്പെട്ടിരിക്കുകയാണെന്ന് പറയുന്ന സന്ദേശം വന്ന ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

കുട്ടികളോടൊത്ത് പാകിസ്താനിലായിരുന്ന സവാഹിരിയുടെ പെണ്‍മക്കളും ശൈഖ് മുര്‍ജാന്‍ സാലിം അല്‍ജവാഹിരിയുടെ മകളും ആഴ്ചകള്‍ക്കു മുമ്പ് ഈജിപ്തിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍, കയാനിയുടെ മകന്‍െറ പേര് റിപ്പോര്‍ട്ടിലില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.