അഫ്ഗാനിൽ ബസും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച് 73 മരണം

കാബൂള്‍: അഫ്ഗാനിസ്താനില്‍ ബസുകളും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 73 പേര്‍ മരിച്ചു. അപകടത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നതിന് സമീപത്തുള്ള ഗസ്നി പ്രവശ്യയിലെ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.

ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 6.30ന് കാണ്ഡഹാര്‍-കാബൂള്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഗസ്നി പ്രവശ്യയിലെ മുഖുര്‍ ജില്ലയിൽവെച്ചാണ് മൂന്ന് വാഹനങ്ങളും കൂട്ടിയിടിച്ചത്. രണ്ടു ബസുകളിലുമായി 125 ഓളം യാത്രക്കാരുണ്ടായിരുന്നു. മൂന്നു വാഹനങ്ങളും പൂര്‍ണമായി കത്തിയമര്‍ന്നു.


അപകടത്തിൽപെട്ട ഇരു ബസുകളും കാബൂളില്‍നിന്ന് കാണ്ഡഹാറിലേക്കു പോകുകയായിരുന്നു. ഇതിനിടെ എതിര്‍ദിശയില്‍വന്ന ടാങ്കറുമായി ബസുകളിലൊന്ന് കൂട്ടിയിടിച്ച് ഇരുവാഹനങ്ങള്‍ക്കും തീപിടിക്കുകയായിരുന്നു. ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് പിന്നാലെവന്ന ബസിലേക്കും തീപടര്‍ന്നത്. അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടമുണ്ടാക്കിയത് എന്ന് കരുതുന്നു.

റോഡുകളുടെ മോശം അവസ്ഥമൂലം അഫ്ഗാനില്‍ വാഹനാപകടങ്ങള്‍ പതിവാണ്. നിലവാരമില്ലാത്ത റോഡുകളും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാത്തതുമാണ് മിക്ക അപടകടങ്ങൾക്കും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.