തായ്ലന്‍ഡില്‍ പുതിയ ഭരണഘടനക്ക് രൂപം നല്‍കി

ബാങ്കോക്: തായ്ലന്‍ഡില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കടുത്ത എതിര്‍പ്പിനിടെ, സൈനിക ഭരണകൂടം പുതിയ ഭരണഘടനക്ക് രൂപംനല്‍കി. ഭരണഘടന സംബന്ധിച്ച് ആഗസ്റ്റില്‍ ഹിതപരിശോധന നടത്തുമെന്നും തുടര്‍ന്ന് സൈനിക മേധാവിയും പ്രധാനമന്ത്രിയുമായ പ്രയൂത് ചാന്‍ പ്രഖ്യാപിച്ചതുപോലെ അടുത്ത വര്‍ഷം മധ്യത്തോടെ പുതിയ സര്‍ക്കാറിനെ തെരഞ്ഞെടുക്കുമെന്നും സൈന്യം നിയമിച്ച ഭരണഘടനാ സമിതി അറിയിച്ചു.
ഭരണഘടനയുടെ പൂര്‍ണരൂപം സമിതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, ഭരണഘടനാവിമര്‍ശം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 2014ല്‍, പ്രധാനമന്ത്രി യിങ്ലക് ഷിനാവത്രയെ പുറത്താക്കിയാണ് പ്രയൂത് സര്‍ക്കാര്‍ തലപ്പത്ത് വരുന്നത്.
പുതിയ ഭരണഘടന തയാറാക്കിയത് ജനാധിപത്യവിരുദ്ധമായാണെന്ന് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടു. ഭരണഘടനാ സമിതിയെ നിശ്ചയിച്ചത് സൈന്യമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മനുഷ്യാവകാശ സംഘടനകള്‍ക്കോ അതില്‍ പ്രാതിനിധ്യം ലഭിച്ചില്ളെന്നും അവര്‍ വിമര്‍ശിച്ചു. പുതിയ ഭരണഘടനയിലെ പല വകുപ്പുകള്‍ക്കും വേണ്ടത്ര വ്യക്തതയില്ളെന്നും ആക്ഷേപമുണ്ട്. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച വകുപ്പുകള്‍ കൃത്യമല്ല. തെരഞ്ഞെടുപ്പിലൂടെയും അല്ലാതെയും ഒരാളെ പ്രധാനമന്ത്രിയായി അവരോധിക്കാം. ഇത്തരം വകുപ്പുകള്‍ സൈനിക ഭരണകൂടത്തെ നിലനിര്‍ത്തുകയാണ് ചെയ്യുകയെന്നും നിരീക്ഷിക്കപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.