അഴിമതി: പ്രധാനമന്ത്രിക്കെതിരെ മലേഷ്യയില്‍ പ്രക്ഷോഭം

ക്വാലാലംപുര്‍: പ്രധാനമന്ത്രി നജീബ് റസാഖിനെതിരെ അഴിമതിയാരോപണം ശക്തമാക്കി മലേഷ്യയില്‍ മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്‍െറ നേതൃത്വത്തില്‍  വ്യാപകപ്രതിഷേധം. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയനേതാക്കള്‍ പ്രക്ഷോഭത്തെ പിന്തുണക്കുന്നുണ്ട്.
പ്രധാനമന്ത്രി രാജിവെക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ പുറത്തുപോകണമെന്നും ആവശ്യപ്പെടുന്ന പ്രതിഷേധക്കാര്‍ മൗലികാവകാശങ്ങള്‍ റദ്ദ് ചെയ്യുന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.  വംശ, രാഷ്ട്രീയ, കക്ഷി, പ്രായ ഭേദമന്യേ ജനങ്ങളെല്ലാവരും ഈ പ്രക്ഷോഭത്തില്‍ ഭാഗമാകണമെന്ന് 58 രാഷ്ട്രീയനേതാക്കളും അഴിമതിവിരുദ്ധ പ്രവര്‍ത്തകരും ഒപ്പുവെച്ച പ്രസ്താവന മഹാതീര്‍ വെള്ളിയാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തില്‍ വായിച്ചു.
പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധം പഴയ രാഷ്ട്രീയ വൈരികളെയെല്ലാം ഒരു കുടക്കീഴിലാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്നും കോടിക്കണക്കിന് ഡോളറുകള്‍ അപഹരിച്ചെന്നും 6.81 കോടി യു.എസ് ഡോളര്‍ വിദേശ സഹായം വ്യക്തിപരമായി സ്വീകരിച്ചുവെന്നും ആരോപിച്ച് ഒരു വര്‍ഷത്തിലേറെയായി കടുത്ത എതിര്‍പ്പുകള്‍ നേരിടുകയാണ്.
അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുന്ന സ്വന്തം പാര്‍ട്ടിയായ യുനൈറ്റഡ് മലായ്സ് നാഷനല്‍ ഓര്‍ഗനൈസേഷനില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ പുറത്താക്കിയും ആരോപണം ഉയര്‍ത്തുന്ന മാധ്യമങ്ങള്‍ അടച്ചുപൂട്ടിയും നജീബ് റസാഖ് ജനാധിപത്യ വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.