റഷ്യക്ക് നഷ്ടപരിഹാരം നല്‍കുമെന്ന പ്രഖ്യാപനം തുര്‍ക്കി തിരുത്തി

അങ്കാറ: വ്യോമാതിര്‍ത്തി ലംഘിച്ചതിന് റഷ്യന്‍ വിമാനം വെടിവെച്ചിട്ട സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ തയാറെന്ന് പ്രഖ്യാപിച്ചത് തുര്‍ക്കി പ്രധാനമന്ത്രി യില്‍ദിരിം ബിന്‍ അലി പിന്‍വലിച്ചു. താറുമാറായ ഉഭയകക്ഷിബന്ധം പുനസ്ഥാപിക്കുന്നതിന്‍െറ ഭാഗമായി ആവശ്യമാണെങ്കില്‍ റഷ്യക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്ന് തിങ്കളാഴ്ച അര്‍ധരാത്രി പൊതു ടെലിവിഷന് നല്‍കിയ അഭിമുഖത്തിനിടെ യില്‍ദിരിം പറഞ്ഞിരുന്നു. എന്നാല്‍, അതില്‍നിന്ന് മലക്കംമറിഞ്ഞ് നഷ്ടപരിഹാരം അജണ്ടയിലില്ളെന്നു യില്‍ദിരിം തിരുത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ ആദ്യ പ്രസ്താവന പുറത്തുവന്നതുമുതല്‍ ആശയക്കുഴപ്പം ഉയര്‍ന്നിരുന്നു.
തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ റഷ്യയുമായുള്ള അനുരഞ്ജനശ്രമങ്ങള്‍ തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ പ്രഖ്യാപനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കുന്നതില്‍ വഴിത്തിരിവുണ്ടാക്കുമെന്നും വിലയിരുത്തലുകളുണ്ടായി.

എന്നാല്‍ തുര്‍ക്കിയുമായുള്ള ബന്ധം മെച്ചപ്പെടാന്‍ സമയമെടുക്കുമെന്ന് റഷ്യന്‍ പാര്‍ലമെന്‍റ് വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു. കഴിഞ്ഞ ദിവസം സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കാണിച്ച് ഉര്‍ദുഗാന്‍ പുടിന് കത്തയച്ചിരുന്നു. വിമാനം വെടിവെച്ചിട്ടതിനുശേഷം ആദ്യമായാണ് തുര്‍ക്കിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു സമീപനമുണ്ടാകുന്നത്. ഖേദപ്രകടനം വലിയ ചുവടുവെപ്പാണെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയമട്ടിലാകാന്‍ സമയമെടുക്കും. ഒരു അര്‍ധരാത്രികൊണ്ട് എല്ലാം ശരിയാകുമെന്ന് ആരും ധരിക്കരുതെന്നും പെഷ്കോവ് കൂട്ടിച്ചേര്‍ത്തു. സംഭവം പിന്നില്‍നിന്നേറ്റ കുത്താണെന്ന് പുടിന്‍ പ്രതികരിച്ചിരുന്നു. അതിനുശേഷം തുര്‍ക്കിക്കുമേല്‍ റഷ്യ ഉപരോധം പ്രഖ്യാപിച്ചു. തുര്‍ക്കിയിലേക്ക് റഷ്യന്‍ പൗരന്മാര്‍ക്ക് യാത്രാവിലക്കും ഏര്‍പ്പെടുത്തി.
തുര്‍ക്കിയുടെ സമ്പദ്വ്യവസ്ഥക്ക് കനത്ത തിരിച്ചടിയായിരുന്നു അത്. ഖേദപ്രകടനത്തിനു പുറമെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൈലറ്റിന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും റഷ്യ ആവശ്യമുന്നയിച്ചിരുന്നു. ബുധനാഴ്ച ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും ടെലിഫോണ്‍ ചര്‍ച്ച നടത്തുമെന്നും റഷ്യന്‍ പാര്‍ലമെന്‍റ് അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് ഇരുരാജ്യങ്ങളുടെയും ബന്ധം പിടിച്ചുലച്ച സംഭവം നടന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.