മ്യാന്മര്‍ ലഹരിക്കെതിരെ പൊരുതുന്നു

യാംഗോന്‍: മയക്കുമരുന്ന് ഉല്‍പാദനത്തില്‍ ലോകത്ത് മുന്‍പന്തിയിലുള്ള മ്യാന്മര്‍ ലഹരി നിര്‍മാര്‍ജനത്തിനായുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നു. രാജ്യത്തെ പോപ്പി കൃഷിക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ കൈക്കൊണ്ടും അതിര്‍ത്തികളിലെ അനധികൃത ലഹരിഗുളിക ലബോറട്ടറികള്‍ അടപ്പിച്ചുമാണ് മ്യാന്മര്‍ അധികൃതരുടെ ഈ നീക്കം. വിപണിയില്‍ ആറു കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് യു.എന്നിന്‍െറ ലഹരിവിരുദ്ധ ദിനത്തില്‍ മ്യാന്മര്‍ പൊലീസ് നശിപ്പിച്ചു.  
യു.എന്നിന്‍െറ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ ഹെറോയിന്‍ ഉല്‍പാദിപ്പിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് മ്യാന്മര്‍.

അഴിമതിയില്‍ കുളിച്ച സൈനിക ഭരണവും ഗോത്രവര്‍ഗങ്ങളുടെ ഇടയിലെ തുടര്‍ച്ചയായ ആഭ്യന്തര സംഘര്‍ഷങ്ങളുമാണ് രാജ്യത്തെ മയക്കുമരുന്നിന്‍െറ വന്‍ ഉല്‍പാദകരില്‍ ഒന്നാക്കി മാറ്റിയത്. പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ രാജ്യത്തെ മൂന്നു കേന്ദ്രങ്ങളിലായി ചുട്ടെരിച്ചു. തലസ്ഥാനമായ നയ്പിഡാവില്‍ നടന്ന ലഹരിവിരുദ്ധ ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് മിന്‍റ് സ്വേ പങ്കെടുത്തു. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഉള്ളവര്‍പോലും അവരുടെ നിത്യാവശ്യങ്ങള്‍ക്ക് ലഹരിമരുന്ന് കൃഷിയും കള്ളക്കടത്തും നടത്തുന്നതായും രാജ്യത്തെ മയക്കുമരുന്ന് നിയന്ത്രണ പരിപാടികള്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മ്യാന്മറിന്‍െറ അയല്‍രാജ്യമായ ചൈനയില്‍ ഒരു വര്‍ഷത്തിനിടെ ലഹരിമരുന്ന് കുറ്റകൃത്യങ്ങള്‍ നടത്തിയവരെന്ന് സംശയിക്കുന്ന 1.34 ലക്ഷം പേരെ അറസ്റ്റ്ചെയ്തതായി നാഷനല്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ കമീഷന്‍ പറഞ്ഞു. ചൈനയില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അധികരിക്കുകയാണെന്നും അവര്‍ അറിയിച്ചു. ഈ വര്‍ഷം മാത്രം ചൈനീസ് റെയില്‍വേ പൊലീസ് 1238 പേരെയാണ് അറസ്റ്റ് ചെയ്തത്. 2.8 ടണ്‍ ഡ്രഗ്സും പിടിച്ചെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.