ജപ്പാനില്‍ യു.എസ് സൈനിക താവളങ്ങള്‍ക്കുനേരെ വന്‍പ്രതിഷേധം 

ടോക്യോ: ജാപ്പനീസ് ദ്വീപായ ഒകിനാവയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ യു.എസ് പൗരന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് യു.എസ് സൈനിക കേന്ദ്രത്തിനു നേരെ ആരംഭിച്ച പ്രതിഷേധം ശക്തമായി. 
രണ്ടാം ലോകയുദ്ധത്തിന് ശേഷം 1972 വരെയും യു.എസ് അധീനതയിലായിരുന്നു ഒകിനാവ ദ്വീപ്. ഇന്നും ദ്വീപിന്‍െറ ഏതാണ്ട് അഞ്ചിലൊരു ഭാഗം യു.എസ് സൈന്യത്തിന്‍െറ നിയന്ത്രണത്തിലാണ്. ഇവിടെ താമസിക്കുന്ന 50,000 യു.എസ് പൗരന്മാരില്‍ 30,000 പേര്‍ സൈനികരാണ്.  

1996ല്‍ 12കാരിയായ ജാപ്പനീസ് പെണ്‍കുട്ടിയെ മൂന്ന് യു.എസ് സൈനികര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവത്തെ തുടര്‍ന്ന് സൈനിക കേന്ദ്രത്തിനെതിരെ ജപ്പാനില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജനവാസം കുറഞ്ഞ മേഖലയിലേക്ക് കേന്ദ്രം മാറ്റാന്‍ നീക്കവും ശക്തമായിരുന്നു. എന്നാല്‍, കുറ്റകൃത്യങ്ങള്‍ക്കും മലിനീകരണത്തിനുമുള്ള സാധ്യത ചൂണ്ടിക്കാട്ടി മറ്റിടങ്ങളിലും പ്രതിഷേധം ശക്തമായതോടെയാണ് സൈനികകേന്ദ്രം മാറ്റാനാവാതെ ഒകിനാവയില്‍ തുടര്‍ന്നത്.
കഴിഞ്ഞ മാസമാണ് 20 വയസ്സുള്ള റിന ശിമബുകുരൊ എന്ന യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് സൈനികതാവളത്തിലെ തൊഴിലാളിയായ യു.എസ് പൗരന്‍ അറസ്റ്റിലായത്. പിന്നാലെ, മദ്യപിച്ച് കാറോടിച്ച് അപകടംവരുത്തിയതിന് ഒരു യു.എസ് നാവികനും അറസ്റ്റിലായി.

ഒകിനാവയുടെ തലസ്ഥാനമായ നാഹയില്‍ ഞായറാഴ്ച നടന്ന പ്രകടനത്തില്‍ 50,000 ആളുകള്‍ പങ്കെടുത്തു. ജപ്പാന്‍ തലസ്ഥാനമായ ടോക്യോ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന യു.എസ് പൗരന്മാര്‍ക്ക് നിയമപരിരക്ഷ നല്‍കുന്ന 1960ലെ സോഫ കരാര്‍ പിന്‍വലിക്കണമെന്നും, സൈനിക കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.