പശ്ചിമേഷ്യയുടെ ഗതിമാറ്റിയ അറബ് വസന്തത്തിന് അഞ്ചാണ്ട്

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ പുതിയ ചരിത്രത്തിന്‍െറ പിറവിയെന്ന പ്രതീക്ഷ പകര്‍ന്നുതുടങ്ങുകയും കൊടിയ സംഘട്ടനങ്ങളുടെയും ആഭ്യന്തര യുദ്ധങ്ങളുടെയും വിത്തായി കലാശിക്കുകയും ചെയ്ത ‘അറബ് വസന്ത’ത്തിന് അഞ്ചു വയസ്സ്. ജനുവരി ആദ്യത്തില്‍ തുനീഷ്യയില്‍ മുഹമ്മദ് ബൂഅസീസിയെന്ന വഴിയോരക്കച്ചവടക്കാരന്‍െറ ആത്മാഹുതിയോടെ തുടങ്ങിയ വിപ്ളവം 10 ദിവസംകഴിഞ്ഞ് ജനുവരി 14ന് തുനീഷ്യന്‍ ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ സ്ഥാനത്യാഗത്തില്‍ അവസാനിക്കുന്നതോടെയാണ് വരാനിരിക്കുന്നതിനെ കുറിച്ച് ലോകമറിയുന്നത്.
കൃത്യമായ നായകരൊ അജണ്ടകളൊ ഇല്ലാതിരുന്നിട്ടും നവമാധ്യമങ്ങളെ കൂട്ടുപിടിച്ച് തെരുവിലിറങ്ങിയ യുവാക്കള്‍ നയിച്ച സമരം മാസങ്ങള്‍ക്കുള്ളില്‍ ഈജിപ്ത്, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഏകാധിപതികളെ മറിച്ചിടുകയും മറ്റിടങ്ങളില്‍ ഭരണം ഏതുനിമിഷവും വീഴാമെന്ന ശങ്കയിലേക്ക് ഭരിക്കുന്നവരെ എത്തിക്കുകയും ചെയ്തു. ജനം ഇച്ഛിക്കുംവിധമുള്ള രാഷ്ട്രീയമാറ്റം സംഭവിക്കുകയും പൊതുജനത്തിന്‍െറ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ തയാറാവുകയും ചെയ്തിട്ടും ‘അറബ് വസന്തം’ എന്തുകൊണ്ടാകും വിജയം കാണുന്നതിനുപകരം മേഖലയെ കടുത്ത അശാന്തിയിലേക്ക് തള്ളിയിട്ടത്?
2011ന്‍െറ തുടക്കത്തിലാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ മാറ്റത്തിന്‍െറ തുടക്കംകുറിച്ച് പ്രതിഷേധം അലയടിച്ചത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണാധികാരികള്‍ക്കെതിരെ ജനം തെരുവിലിറങ്ങി. അവശ്യസാധനങ്ങള്‍ക്ക് വില കുതിച്ചുയര്‍ന്നതും തൊഴിലില്ലായ്മയും ദാരിദ്ര്യവും പ്രതിഷേധത്തിന് ഇന്ധനംപകര്‍ന്നു. പ്രതിഷേധം തടയാന്‍ ഭരണകര്‍ത്താക്കള്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു. ഓരോ രാജ്യങ്ങളില്‍നിന്നുള്ള പ്രക്ഷോഭകാരികളുടെയും ലക്ഷ്യം വ്യത്യസ്തമായിരുന്നു.


ജോര്‍ഡനിലും മൊറോക്കോയിലും രാജവാഴ്ചക്കെതിരെയാണ് പ്രക്ഷോഭം അലയടിച്ചത്. ഈജിപ്തിലും തുനിഷ്യയിലും ഏകാധിപത്യത്തിനെതിരെ ജനം അണിനിരന്നു. മാസങ്ങള്‍ക്കകം ലോകത്ത് മാറ്റത്തിന്‍െറ ചലനംസൃഷ്ടിക്കാന്‍ പ്രക്ഷോഭങ്ങള്‍ക്ക് കഴിഞ്ഞു.

ഈജിപ്ത്
 2011 ജനുവരി 25ന് ഹുസ്നി മുബാറകിന്‍െറ രാജിയാവശ്യപ്പെട്ട് ആയിരക്കണക്കിനുപേര്‍ തെരുവിലിറങ്ങി. ജനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും രാജിവെച്ചൊഴിയേണ്ടിവന്നു മുബാറകിന്. 2011 ഫെബ്രുവരി 11ന് മുബാറക് രാജിവെച്ചു.
2011 നവംബറില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നു. 2012 ജൂണില്‍ ബ്രദര്‍ഹുഡിന്‍െറ മുഹമ്മദ് മുര്‍സി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 2013 ജൂലൈയില്‍ സൈനികമേധാവി മുര്‍സിയെ പുറത്താക്കി അധികാരം പിടിച്ചെടുത്തു.
2013 ആഗസ്റ്റില്‍ കോടതി ഹുസ്നി മുബാറകിനെ മോചിപ്പിച്ചു. 2014 ജൂണില്‍ അബ്ദുല്‍ ഫത്താഹ് അല്‍സീസി എട്ടാമത്തെ പ്രസിഡന്‍റായി അധികാരമേറ്റു. 18 ദിവസം നീണ്ട പ്രക്ഷോഭത്തിനിടെ 846 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രക്ഷോഭാനന്തരം സൈന്യം 12,000ലേറെ പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

തുനീഷ്യ
2010 ഡിസംബറില്‍ തുനീഷ്യയിലാണ് അറബ്വസന്തത്തിന് തുടക്കംകുറിച്ച മാറ്റത്തിന്‍െറ കാറ്റ് അലയടിച്ചത്. ബിന്‍ അലിയുടെ പതനത്തിനുശേഷം 2011 ജനുവരി അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ റാഷിദ് അല്‍ ഗനൂശ്ശി നയിക്കുന്ന അന്നഹ്ദ പാര്‍ട്ടി അധികാരത്തിലേറി. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ബാജി ഖാഇദ് അസ്സെബ്സി  പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. തുനീഷ്യ ഇപ്പോഴും അസ്ഥിരതയിലാണ്. തൊഴിലില്ലായ്മനിരക്ക് കുതിച്ചുയര്‍ന്നതും പണപ്പെരുപ്പം വര്‍ധിച്ചതും ജനങ്ങളെ വീണ്ടും പ്രതിഷേധത്തിന്‍െറ പാതയിലത്തെിച്ചു.

യമന്‍
2011 ജനുവരി 27ന് സന്‍ആയില്‍ 16,000ത്തോളം വരുന്ന പ്രതിഷേധക്കാര്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിന്‍െറ രാജിയാവശ്യപ്പെട്ട് സമ്മേളിച്ചു. രാജ്യം കലാപത്തിന്‍െറ വക്കിലത്തെിയതോടെ ഫെബ്രുവരി അവസാനം സാലിഹിന് രാജിവെക്കേണ്ടിവന്നു. 2000ത്തോളം പേരുടെ ജീവന്‍ പൊലിഞ്ഞു. യമന്‍ ഇപ്പോഴും യുദ്ധമുഖത്താണ്.

ലിബിയ
 2011 ഫെബ്രുവരിയില്‍ ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫിക്കെതിരെ ജനം തെരുവിലിറങ്ങി. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യമിറങ്ങി. മാസങ്ങള്‍ നീണ്ട പോരാട്ടത്തിനിടെ ട്രിപളിയും ബയ്ദ, തബ്റൂഖ് മേഖലകളുള്‍പ്പെടെ വിമതര്‍ പിടിച്ചെടുത്തു. ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയോടെ 2011 സെപ്റ്റംബറില്‍ ഖദ്ദാഫിയെ പുറത്താക്കി. 2011 ഒക്ടോബര്‍ 23ന് യുദ്ധം അവസാനിച്ചതായി ഒൗദ്യോഗികപ്രഖ്യാപനം നിലവില്‍ വന്നു. ഖദ്ദാഫിയുടെ കാലത്തേതിനെക്കാള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ രാജ്യം കടന്നുപോകുന്നത്. കെട്ടുറപ്പുള്ള വ്യവസ്ഥാപിത ഭരണകൂടമൊ ക്രമസമാധാന സംവിധാനമൊ ഇവിടെ നിലവില്‍ വന്നിട്ടില്ല.

സിറിയ
മറ്റിടങ്ങളെപോലെ സിറിയയിലും 2011 മാര്‍ച്ചോടെ ബശ്ശാര്‍ അല്‍അസദിന്‍െറ രാജിയാവശ്യപ്പെട്ട് പ്രതിഷേധം പുകഞ്ഞുതുടങ്ങി. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ സൈന്യം ഏതറ്റംവരെയും പോയി. യു.എസ് ബശ്ശാറിനെതിരെ ഉപരോധങ്ങള്‍ കൊണ്ടുവന്നു. ജൂലൈയില്‍ ബശ്ശാറിനെതിരെ സ്വതന്ത്ര സിറിയന്‍സേന രൂപവത്കരിച്ചു. യൂറോപ്യന്‍ യൂനിയനും യു.എസും തുര്‍ക്കിയും ബശ്ശാര്‍ അധികാരമൊഴിയണമെന്ന് ആവര്‍ത്തിച്ചു. സിറിയയെ അസബ് ലീഗില്‍നിന്ന് പുറത്താക്കി. യു.എന്‍ ഉപരോധം കൊണ്ടുവന്നു. 2012 ജൂണില്‍ രാജ്യം ആഭ്യന്തരയുദ്ധത്തിലാണെന്ന് യു.എന്‍ പ്രഖ്യാപിച്ചു. ആഭ്യന്തരയുദ്ധം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ബശ്ശാര്‍ അല്‍അസദ് പ്രസിഡന്‍റ് സ്ഥാനത്ത് തുടരുന്നു. ദശലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ പിറന്ന മണ്ണുവിട്ട് പലായനം ചെയ്തു. ലക്ഷക്കണക്കിനുപേര്‍ കൊലചെയ്യപ്പെട്ടു. രാജ്യത്ത് സമാധാനം പുന$സ്ഥാപിക്കാന്‍ യു.എന്‍ മധ്യസ്ഥതയില്‍ ഈ മാസം ചര്‍ച്ച നടക്കുന്നത് ലോകം പ്രതീക്ഷയോടെയാണ് കാണുന്നത്. രാജ്യത്തെ അസ്ഥിരതയും കലാപവും മുതലെടുത്ത് രൂപംകൊണ്ട ഐ.എസിനെപോലുള്ള തീവ്രവാദസംഘങ്ങള്‍ ഭരണകൂടത്തെ ചോദ്യംചെയ്യുന്ന തലത്തിലേക്ക്   വളര്‍ന്നു. ബശ്ശാറിനെതിരെ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും വ്യോമാക്രണം തുടങ്ങി. മറുചേരിയില്‍ ബശ്ശാറിനെ പിന്തുണച്ച് റഷ്യ പോരാട്ടം തുടരുകയാണ്.

ഇറാഖ്
2011 ഫെബ്രുവരിയില്‍ അറബ്വസന്തം രാജ്യത്ത് ചലനംസൃഷ്ടിച്ചു. പ്രധാനമന്ത്രി നൂരി അല്‍ മാലികിയുടെ അഴിമതിസര്‍ക്കാറിനെതിരെ ജനം തെരുവിലിറങ്ങി.  നൂരിഅല്‍ മാലികി സ്ഥാനമൊഴിയണമെന്ന് ലോകവ്യാപകമായി ആവശ്യമുയര്‍ന്നു.
പ്രക്ഷോഭാനന്തരം 15 ലക്ഷം പേരാണ് അഭയാര്‍ഥികളാക്കപ്പെട്ടത്. മാലികിയുടെ പതനശേഷം 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹൈദര്‍ അല്‍ അബാദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.