ഇവിടൊരു റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നു, ഒരേയൊരു പെണ്‍കുട്ടിക്കായി

ടോക്യോ: അടച്ചുപൂട്ടാന്‍ ജപ്പാന്‍ റെയില്‍വേസ് തീരുമാനിച്ച ജപ്പാനിലെ കാമി ഷിരാതകി റെയില്‍വേ സ്റ്റേഷന്‍ ഇപ്പോഴും തുടരുന്നത് ഒരേയൊരു യാത്രക്കാരിക്കുവേണ്ടി. അനാദായകരമായതിനെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ച സ്റ്റേഷന്‍ സ്ഥിരം യാത്രക്കാരിയായ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ഥിനിക്കുവേണ്ടി മാത്രം തുടരാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ആള്‍ത്താമസം കുറഞ്ഞ ഹൊക്കൈദോ ദ്വീപിന്‍െറ വടക്കേ മൂലയിലുള്ള ഈ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുന്നത് ദിവസം രണ്ടു പ്രാവശ്യം മാത്രമാണ്. രാവിലെ സ്കൂളിലേക്കുപോകുന്ന ഈ കുട്ടിയെ കയറ്റാനും വൈകീട്ട് തിരിച്ചിറക്കാനും.
ട്രെയിന്‍ യാത്രാ സൗകര്യംകൂടി മുടങ്ങിയാല്‍ ഈ കുട്ടിയുടെ പഠനം മുടങ്ങുമെന്നത് പരിഗണിച്ച് പെണ്‍കുട്ടി പഠനം പൂര്‍ത്തിയാക്കുംവരെ സ്റ്റേഷന്‍ തുടരാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ജപ്പാന്‍ സര്‍ക്കാറിന്‍െറയും റെയില്‍വേയുടെയും നിലപാട് സാമൂഹിക മാധ്യമങ്ങളിലും വ്യാപക അഭിനന്ദനത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

അതേസമയം, ഇപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെടുന്നതിന് പിന്നില്‍ സര്‍ക്കാറിന്‍െറ രഹസ്യ അജണ്ടയാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. ജപ്പാന്‍ റെയില്‍വേസ് ഈ തീരുമാനമെടുത്തിട്ട് വര്‍ഷങ്ങളായെന്നും ഈ കുട്ടിയുടെ പഠനം ഇപ്പോള്‍ തീരാറായിട്ടുണ്ടെന്നും തായ്വാന്‍ ആപ്പ്ള്‍ ഡെയ്ലി ചൂണ്ടിക്കാട്ടുന്നു. ഈ പെണ്‍കുട്ടി ട്രെയിന്‍ കയറുന്നത് കാമി ഷിരാതകിയില്‍നിന്നല്ല, മറിച്ച് കൂട്ടുകാര്‍ക്കൊപ്പം ക്യു ഷിരാതകിയില്‍നിന്നാണെന്നും ഇവര്‍ റിപ്പോര്‍ട്ടുചെയ്യുന്നു. എന്നാല്‍, ഈ സ്റ്റേഷനും ഇതു കൂടാതെ ഈ റൂട്ടില്‍തന്നെയുള്ള ഷിമോ ഷിരാതകി എന്ന സ്റ്റേഷനും മാര്‍ച്ചില്‍ പൂട്ടാനാണ് തീരുമാനമെന്നും ഇത്രയുംകാലം തുടര്‍ന്നത് സാമൂഹിക പ്രതിബദ്ധതകൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നുമാണ് വിമര്‍ശം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.