ബലൂചിസ്താന്‍ വിഷയത്തില്‍ മോദി പരിധി ലംഘിച്ചെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: ബലൂചിസ്താന്‍ വിഷയത്തില്‍ ഇന്ത്യന്‍പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന പരിധി ലംഘിച്ചുവെന്ന് പാകിസ്താന്‍. പാകിസ്താന്‍െറ അവിഭാജ്യഭാഗമായ ബലൂചിസ്താനെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പരാമര്‍ശിച്ചത് യു.എന്‍ ചാര്‍ട്ടറിന് വിരുദ്ധമാണ്. ഇസ്ലാമാബാദില്‍ വരാന്ത്യ വാര്‍ത്താ അവലോകനത്തിനിടെ പാക് വിദേശകാര്യ വക്താവ്  നഫീസ് സക്കറിയയാണ് ഇക്കാര്യം അറിയിച്ചത്.

സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ബലൂചിസ്താനിലെ സ്വതന്ത്ര്യ പ്രക്ഷോഭങ്ങളെ പിന്തുണക്കുന്നുവെന്ന് നരേന്ദ്രമോദി പ്രസ്താവിച്ചത്. കറാച്ചിലും ബലൂചിലും പാകിസ്താന്‍ നടത്തുന്ന അക്രമങ്ങളെ കുറിച്ചും മോദി പരാമര്‍ശിച്ചിരുന്നു.

ബലൂചിലെയും കറാച്ചിയിലെയും പ്രക്ഷോഭങ്ങളെ അട്ടിമറിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ മൂടിവെക്കുന്നതിനാണ് ബലൂചിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ മോദി ഏറ്റെടുത്തിരിക്കുന്നത്. അടുത്ത മാസം നടക്കുന്ന ഐക്യരാഷ്ട്ര സഭ ജനറല്‍  അസംബ്ളിയില്‍ കശ്മീര്‍ വിഷയം ശക്തമായി ഉന്നയിക്കുമെന്നും നഫീസ് സക്കറിയ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നടന്ന ജനറല്‍ അസംബ്ളിയില്‍ കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ഐക്യരാഷ്ട്ര സഭയോട് അപേക്ഷിച്ചിരുന്നു. ഐക്യരാഷ്ട്രസഭ പൊതുസഭാ യോഗത്തില്‍ പാക് പ്രതിനിധി സംഘത്തെ നയിച്ച് പ്രധാനമന്ത്രി നവാസ് ശരീഫ് തന്നെ സംബന്ധിക്കുമെന്ന് സകരിയ അറിയിച്ചു. കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളായിരിക്കും പാക് സംഘം എടുത്തുകാട്ടുക. കശ്മീരിലെ വഷളായ സ്ഥിതിവിശേഷം മിക്ക അംഗരാജ്യങ്ങളെയും ബോധ്യപ്പെടുത്തിക്കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. മുന്‍ പ്രമേയങ്ങളെ അടിസ്ഥാനമാക്കി കശ്മീരിലെ ജനങ്ങള്‍ക്ക് സ്വയം നിര്‍ണയാവകാശം നല്‍കുക എന്ന ബാധ്യത പൂര്‍ത്തീകരിക്കാന്‍ യു.എന്‍ തയാറാവുമെന്നാണ് പ്രതീക്ഷയെന്നും സകരിയ കൂട്ടിച്ചേര്‍ത്തു.

സൈന്യത്തെ ഉപയോഗിച്ച് ഇന്ത്യ കശ്മീരില്‍  മനുഷ്യാവകാശങ്ങള്‍ ലംഘനങ്ങള്‍ തുടരുന്നതില്‍  പാകിസ്താന്‍ ഖേദിക്കുന്നു.  സൈന്യം ഇവിടെ 80 ഓളം പേരെ കൊലപ്പെടുത്തുകയും പെല്ലറ്റ് ഗണ്ണിന്‍റെ ഉപയോഗം 100 ഓളം പേരെ അന്ധരാക്കുകയും ചെയ്തിരിക്കുന്നു. അന്തരാഷ്ട്ര സമൂഹവും മനുഷ്യാവകാശ സംഘടനകളും കശ്മീരില്‍ സൈന്യത്തിന്‍റെ ക്രൂരത അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് താക്കീത് നല്‍കണം. ആംനസ്റ്റി ഇന്‍്റര്‍നാഷണലിനെതിരെ നടപടിയെടുക്കാനുള്ള  നീക്കം മനുഷ്യാവകാശ ലംഘനങ്ങളെ ഇന്ത്യ എങ്ങനെയാണ് നേരിടുന്നതെന്നത് വ്യക്തമാക്കുന്നതാണ്.  കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടും ഇന്ത്യ അത് നിരസിക്കുകയാണ് ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് ഇന്ത്യ എന്തു നിബന്ധനവെച്ചാലും പാകിസ്താന്‍ നിര്‍ദേശിക്കുക കശ്മീര്‍ മുഖ്യവിഷയമായുള്ള ചര്‍ച്ചയാണെന്നും സക്കറിയ വ്യക്തമാക്കി.

ചൈന -പാകിസ്താന്‍ സാമ്പത്തിക ഇടനാഴി ലക്ഷ്യംവെക്കുന്നത് പാകിസ്താന്‍്റെയും ചൈനയുടെയും മാത്രം സാമ്പത്തിക ഉന്നമനമല്ല. മറിച്ച് പ്രദേശത്തിന്‍റെ തന്നെ സാമ്പത്തിക നേട്ടമാണ്. എന്നാല്‍ സാമ്പത്തിക നേട്ടമുള്ള പദ്ധതിയായിട്ടും ഇന്ത്യ അതിന് എതിര്‍പ്പു പ്രകടിപ്പിക്കുന്നത് ഗ്രഹിക്കാന്‍കഴിയുന്നത് അപ്പുറത്താണ്. അടുത്ത ആഴ്ച നടക്കുന്ന സാര്‍ക് രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ സമ്മേളനത്തിന് ഇന്ത്യയെ ക്ഷണിച്ചെങ്കിലും ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി അത് നിരസിക്കുകയാണ് ചെയ്തതെന്നും നഫീസ് സക്കറിയ ആരോപിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.