മസ്ഹൂദ് അസ്ഹര്‍ വിഷയം: ഇന്ത്യ ചൈന ബന്ധത്തില്‍ മഞ്ഞുരുക്കം

മോസ്കോ: യു.എന്നില്‍ പാക് അനുകൂല നിലപാട് സ്വീകരിച്ച ചൈനക്കെതിരായ ഇന്ത്യയുടെ അമര്‍ശം തണുക്കുന്നു. പാക് തീവ്രവാദ സംഘടന ജയ്ശെ മുഹമ്മദിന്‍െറ തലവന്‍ മസ്ഹൂദ് അസ്ഹറിനെ യു.എന്‍ കരിമ്പട്ടികയില്‍ ചേര്‍ക്കാനുള്ള ഇന്ത്യയുടെ അപേക്ഷ ചൈന എതിര്‍ത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യ-ചൈന ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയ ഈ തീരുമാനത്തിന് സുഷമ സ്വരാജിന്‍െറ ചൈനീസ് സന്ദര്‍ശനത്തോടെയാണ് പരിഹാരമായത്.ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിഷയം ശ്രദ്ധയില്‍പെടുത്തി. ഭീകരവാദത്തിന്‍െറ പൊതു ഇരകളായ ഇന്ത്യയും പാകിസ്താനും ഇക്കാര്യത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ധാരണയായതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

ഭീകരവാദത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ നടപടികളെടുക്കണമെന്ന കാര്യം ആര്‍.ഐ.സി രാജ്യങ്ങളായ റഷ്യ-ഇന്ത്യ-ചൈന കൂടിക്കാഴ്ചയില്‍ സുഷമ സ്വരാജ് ഉന്നയിച്ചു. ഭീകരവാദത്തിന്‍െറ കാര്യത്തില്‍ രണ്ട് സമീപനം സ്വീകരിച്ചാല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാവുമെന്നും ആര്‍.ഐ.സി രാജ്യങ്ങളും യു.എന്നും ഒന്നിച്ചു വേണം ആഗോള ഭീകരതക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ക്ക് വഴി കാട്ടേണ്ടതെന്നും സുഷമ പറഞ്ഞു.

ഈ മാസം ആദ്യമായിരുന്നു അസ്ഹറിനെ യു.എന്‍ കരിമ്പട്ടികയില്‍ ചേര്‍ക്കാനുള്ള ഇന്ത്യയുടെ ആവശ്യത്തെ ചൈന എതിര്‍ത്തത്. ഭീകരവാദിയായി മുദ്ര കുത്താന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനു ആവശ്യമായ രേഖകള്‍ ഇന്ത്യക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന കാരണത്താലാണ് ചൈന ഈ നടപടിയെ എതിര്‍ത്തത്. മുന്‍പും പാക് തീവ്രവാദികളുടെ കാര്യത്തില്‍ ഇന്ത്യ വിരുദ്ധ നിലപാടായിരുന്നു ചൈന സ്വീകരിച്ചിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.