ഭീതിയൊഴിയാതെ ജപ്പാന്‍; മരണസംഖ്യ 35

ടോക്യോ: രണ്ടു ദിവസത്തിനിടെ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഭീതിയും ദുരിതവും വിട്ടുമാറാതെ കഴിയുകയാണ് ജപ്പാന്‍. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 10) കുമാമോട്ടോയില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് മരണസംഖ്യ 26 ആയി. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ ഒമ്പതുപേര്‍ മരിച്ചിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നുണ്ട്. നൂറോളമാളുകള്‍ ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഓരോ മണിക്കൂറിലും മരണസംഖ്യ വര്‍ധിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാഴാഴ്ച തുടങ്ങിയ ഭൂചലനത്തിനു പിന്നാലെ 130 ചെറുചലനങ്ങളാണ് രണ്ടു ദിവസത്തിനകം രാജ്യത്തുണ്ടായത്. ശക്തമായ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. കൊടുങ്കാറ്റും മഴയും മണ്ണിടിച്ചില്‍ രൂക്ഷമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഗതാഗതസംവിധാനം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുതിയും വെള്ളവും ഇന്ധനവുമില്ലാത്തത് 2,00,000 കുടുംബങ്ങളുടെ ദൈനംദിന ജീവിതം താറുമാറാക്കിയിട്ടുണ്ട്. ബക്കറ്റില്‍ മഴവെള്ളം ശേഖരിക്കാന്‍ കുമാമോട്ടോ മേയര്‍ ആഹ്വാനംചെയ്തു. ഇനിയും ചലനങ്ങളുണ്ടായേക്കാമെന്ന മുന്നറിയിപ്പുകള്‍ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. പ്രധാനമന്ത്രി ഷിന്‍സോ ആബെ നടത്താനുദ്ദേശിച്ചിരുന്ന സന്ദര്‍ശനം മാറ്റിവെച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.