പല്‍മീറവാസികള്‍ക്ക് ബശ്ശാറും ഐ.എസും കുറ്റവാളികള്‍

ഡമസ്കസ്: മുഹമ്മദ് അല്‍ഖാതേബ് എന്ന അഭയാര്‍ഥിയുടെ കുറിപ്പാണിത്. മുഹമ്മദ്  ജനിച്ചതും വളര്‍ന്നതും  പല്‍മീറയിലാണ്. ഹിംസ് സര്‍വകലാശാലയില്‍നിന്ന് പഠനം കഴിഞ്ഞ് തിരിച്ചത്തെിയപ്പോഴേക്കും ചരിത്ര സ്മാരകങ്ങളുറങ്ങുന്ന പല്‍മീറ രണഭൂമിയായി മാറിയിരുന്നു. സമാധാനമായി ചെറുത്തുനില്‍ക്കുന്നവരുടെ സംഘത്തില്‍ മുഹമ്മദും ചേര്‍ന്നു.  ചെറുത്തുനില്‍പിനിടെ ആയിരക്കണക്കിന് പ്രതിഷേധകര്‍ കൊല്ലപ്പെട്ടു. മാസങ്ങള്‍ക്കകം പല്‍മീറ തിരിച്ചുപിടിക്കാന്‍ 300 സൈനികരെയും 50 യുദ്ധടാങ്കുകളും ബശ്ശാര്‍
 സൈന്യം അയച്ചു.  അവിടെനിന്ന് രക്ഷപ്പെടുകയല്ലാതെ മറ്റു വഴികളില്ളെന്ന് അവര്‍ക്ക് മനസ്സിലായി. എന്നാല്‍, ദിവസങ്ങള്‍ക്കകം സൈനികര്‍ പിടികൂടി ആ സംഘത്തെ ജയിലിലടച്ചു. ക്രൂരമായ മര്‍ദനമായിരുന്നു തടവില്‍ അവരെ  കാത്തിരുന്നത്. മര്‍ദനമുറകള്‍ക്കൊടുവില്‍ ഏഴുമാസം കഴിഞ്ഞപ്പോള്‍ സൈന്യം വിട്ടയച്ചു. തകര്‍ക്കപ്പെട്ട പല്‍മീറയാണ് അവരെ വരവേറ്റത്.  ജീവിക്കാന്‍ സുരക്ഷിതമല്ളെന്നു മനസ്സിലായപ്പോള്‍ നഗരം വിടാന്‍ തീരുമാനിച്ചു. അങ്ങനെ മനുഷ്യക്കടത്തുകാര്‍ക്കൊപ്പം മുഹമ്മദ് കൂട്ടുകാരും തുര്‍ക്കിയിലേക്കു തിരിച്ചു. 2015 മേയിലാണ് ഐ.എസ് പല്‍മീറ പിടിച്ചെടുത്തത്. അപ്പോഴേക്കും അവിടം വിട്ടിരുന്നു ആ സംഘം.
ഐ.എസിന്‍െറ കാലത്ത് പല്‍മീറവാസികള്‍ക്ക് എല്ലാം വിലക്കപ്പെട്ടതായിരുന്നു. നിയമം ലംഘിക്കുന്നവരെ ഐ.എസ്  ക്രൂരമായി ശിക്ഷിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തു.
ഐ.എസിന്‍െറ കീഴില്‍ ജീവിക്കുകയെന്നത് ഏറെ ദുഷ്കരമായിരുന്നു. മേഖല തിരിച്ചുപിടിക്കാന്‍ ബശ്ശാര്‍ സൈന്യം ബോംബാക്രമണം തുടങ്ങിയതോടെ സ്ഥിതി കൂടുതല്‍ പരിതാപകരമായി.  ബോംബാക്രമണത്തിന്‍െറ ഇരകള്‍ നിരപരാധികളായ സിവിലിയന്മാരായിരുന്നു. പല്‍മീറയില്‍നിന്ന് ആളുകള്‍ പലായനം തുടങ്ങി.  പൗരാണിക നഗരം തിരിച്ചുപിടിക്കുന്നതിനും സിറിയന്‍ ജനതയെ സംരക്ഷിക്കുന്നതിനുമായിരുന്നു ബോംബാക്രമണമെന്നായിരുന്നു ബശ്ശാറിന്‍െറ വാദം. എന്നാല്‍, ബോംബുകള്‍ നഗരത്തെ നാശോന്മുഖമാക്കുകയും ജനങ്ങളെ ഉന്മൂലനം ചെയ്യുകയുമാണുണ്ടായത്.
പല്‍മീറ ബശ്ശാര്‍ സൈന്യം തിരിച്ചുപിടിച്ചിരിക്കുന്നു. എന്നാല്‍, കുടിയൊഴിഞ്ഞുപോയ ജനങ്ങള്‍ക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് ഒട്ടും പ്രതീക്ഷയില്ല. കാരണം ഐ.എസിന്‍െറ കിരാതഭരണത്തേക്കാള്‍ ബശ്ശാര്‍ സൈന്യത്തെ അവര്‍ ഭയക്കുന്നു. പലരും വിചാരിക്കുന്നത് ഐ.എസിനെ സഹായിച്ചുവെന്നാരോപിച്ച് സൈന്യം ശിക്ഷിക്കുമെന്നാണ്. പല്‍മീറക്കാര്‍ കരുതുന്നത് ബശ്ശാറും ഐ.എസും ഒരുപോലെ കുറ്റവാളികളാണെന്നാണ്. ഇരുവരും മനുഷ്യത്വത്തിനു നിരക്കാത്ത കുറ്റകൃത്യങ്ങള്‍ ചെയ്തുകൂട്ടുന്നു. ചരിത്രശേഷിപ്പുകള്‍ നാമാവശേഷമാക്കുന്നു. നിരപരാധികളുടെ ചോരപ്പുഴയൊഴുക്കുന്നു. അവശേഷിക്കുന്നവരെ തടവിലിട്ട് പീഡിപ്പിക്കുന്നു. നിസ്സംശയം പറയാം. പല്‍മീറ സ്വതന്ത്രമായിട്ടില്ല. ഒരു കിരാതഭരണത്തില്‍നിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യുക മാത്രമാണുണ്ടായത്. പല്‍മീറവാസികള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളോട് പറയാനുള്ളത് ഇത്രമാത്രം;
ഐ.എസും ബശ്ശാര്‍ അല്‍അസദും സിറിയന്‍ ജനതയുടെ ശത്രുക്കളാണ്.
കടപ്പാട്: ഇന്‍ഡിപെന്‍ഡന്‍റ്

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.