അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയുമായി ആലോചിച്ച് –മുശര്‍റഫ്

ഇസ്ലാമാബാദ്: 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖരുമായി ആലോചിച്ചായിരുന്നുവെന്ന് പാക് മുന്‍ പ്രസിഡന്‍റും സൈനികമേധാവിയുമായിരുന്ന പര്‍വേസ് മുശര്‍റഫ്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് (എഫ്.ഐ.എ) മുമ്പാകെ നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥ സംബന്ധിച്ച് ഇതാദ്യമായാണ് മുശര്‍റഫ് ഇത്തരത്തില്‍ സംസാരിക്കുന്നത്.

2007 നവംബര്‍ മൂന്നിന് അടിയന്തരാവസ്ഥ  പ്രഖ്യാപിക്കുന്നതിനുമുമ്പ് പലരുമായി കൂടിയാലോചിച്ചിരുന്നു. അന്നത്തെ പ്രധാനമന്ത്രി ശൗകത്ത് അസീസും ഇതില്‍ ഉള്‍പ്പെടും. അടിയന്തരാവസ്ഥക്കുശേഷം സൈനികമേധാവിയായി ചുമതലയേറ്റ ജനറല്‍ പര്‍വേസ് കയാനിയായിരുന്നു മുഖ്യ സൂത്രധാരനെന്നും മുശര്‍റഫ് ആരോപിച്ചു. ആദ്യം വിഷയം ചര്‍ച്ച ചെയ്തത് കയാനിയുമായായിരുന്നു. അദ്ദേഹമാണ് ആസൂത്രണം ചെയ്തത്. തുടര്‍ന്ന്, ശൗകത്ത് അസീസുമായി ചര്‍ച്ച നടത്തി. അദ്ദേഹം മന്ത്രിസഭയില്‍ വിഷയം അവതരിപ്പിക്കുകയും ചെയ്തതാണ്.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടാലുണ്ടാകുന്ന രാഷ്ട്രീയപ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം തനിക്കായിരിക്കില്ളെന്ന് അദ്ദേഹം തന്നെ ധരിപ്പിച്ചുവെന്നും മുശര്‍റഫ് മൊഴിനല്‍കി. എന്നാല്‍, മന്ത്രിസഭ ഏറെനേരം ചര്‍ച്ച ചെയ്ത ഈ വിഷയം രേഖകളില്‍നിന്ന് ഒഴിവാക്കപ്പെട്ടത് ദുരൂഹമാണെന്നും ഇപ്പോള്‍ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടുന്ന മുന്‍ പ്രസിഡന്‍റ് പറഞ്ഞു. കയാനിയും അസീസും മുശര്‍റഫിന്‍െറ മൊഴിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.