ദുബൈ: പാകിസ്താനിലെ സൈനിക ഭരണകൂടങ്ങളോട് സവിശേഷ ആഭിമുഖ്യം കാട്ടുന്ന വിദേശനയമാണ് യു.എസ് സദാ അനുവര്‍ത്തിച്ചുവരുന്നതെന്ന് മുന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി. അല്‍ ജസീറ ചാനലിലെ ‘ഹെഡ് റ്റു ഹെഡ്’ അഭിമുഖ പരിപാടിയിലാണ് ഹിനയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, പാക് ഭരണകൂടത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പിറകില്‍ സൈനിക നിയന്ത്രണങ്ങളുണ്ടെന്ന് അംഗീകരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അതേസമയം, ഭരണഘടന നിര്‍ണയിച്ചതിനെക്കാള്‍ കവിഞ്ഞ അധികാര കേന്ദ്രമായി സൈന്യം മാറിയിരിക്കുന്നതായി അവര്‍ വിലയിരുത്തി.
ആസിഫ് സര്‍ദാരി പ്രസിഡന്‍റായിരിക്കെ 2011-13 കാലയളവിലാണ് ഹിന വിദേശകാര്യ മന്ത്രിപദം വഹിച്ചത്.സൈനിക ജനറല്‍മാരായ സിയാഉല്‍ ഹഖ്, പര്‍വേസ് മുശര്‍റഫ് എന്നിവര്‍ ഭരണം കൈയാളിയ ഘട്ടങ്ങളില്‍ വന്‍തോതിലായിരുന്നു അമേരിക്കയില്‍നിനുള്ള സഹായ പ്രവാഹം. രാഷ്ട്രീയത്തില്‍ മേല്‍ക്കൈ നേടാന്‍ സൈനികര്‍ക്ക് ആത്മബലം നല്‍കിയത് യു.എസിന്‍െറ ഇത്തരം സഹായ പദ്ധതികളായിരുന്നു -ഹിന ചൂണ്ടിക്കാട്ടി.
സര്‍ദാരി അധികാരത്തിലിരിക്കെ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ സംബന്ധിച്ച ചോദ്യത്തിന് താന്‍ ആവശ്യമായ ഘട്ടങ്ങളില്‍ മാത്രമേ സൈനിക നേതൃത്വവുമായി കൂടിയാലോചനകള്‍ നടത്താറുള്ളൂ എന്നായിരുന്നു മറുപടി. ഏതു ഭരണകൂടങ്ങള്‍ക്കു കീഴിലും പൗരാവകാശ ധ്വംസനങ്ങള്‍ അരങ്ങേറുന്നത് പതിവാണെന്നും അബു ഗുറൈബ്, ഗ്വണ്ടാനമോ എന്നീ തടങ്കല്‍ പാളയങ്ങളിലെ പീഡനങ്ങളുടെ പേരില്‍ കൃത്യമായ വിചാരണകളോ പ്രോസിക്യൂഷന്‍ നടപടികളോ ഉണ്ടായില്ളെന്നും ഹിന തിരിച്ചടിച്ചു. പാക് ഭരണകൂടം ഭീകരസംഘടനകള്‍ക്ക് ഒത്താശ നല്‍കുന്നുവെന്ന ആരോപണം അവര്‍ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.