രാജ്യത്തെ പിടിച്ചുകുലുക്കിയ കൊലപാതകക്കേസിൽ നീതി ആവശ്യപ്പെട്ട് അർജന്റീനയിൽ പ്രതിഷേധം കത്തുന്നു. മൂന്നു പെൺകുട്ടികളെയാണ് മയക്കുമരുന്നു മാഫിയ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ലാറ ഗുട്ടെറസ്(15), സഹോദരിമാരായ മൊറീന വെർഡി(20), ബ്രെൻഡ ഡെൽ കാസ്റ്റില്ലോ(20) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. അതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തു. മയക്കുമരുന്ന് മോഷ്ടിച്ചാൽ ഇതാണ് സംഭവിക്കുക എന്ന് വിഡിയോയിൽ സംഘതതലവൻ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
സെപ്റ്റംബർ 19ന് ഒരു പാർട്ടിക്ക് കൊണ്ടുപോകുന്ന എന്ന് വിശ്വസിപ്പിച്ചാണ് പെൺകുട്ടികളെ വാനിൽ കയറ്റിക്കൊണ്ടുപോയത്. കാണാതായി അഞ്ചുദിവസങ്ങൾക്ക് ശേഷം ബ്വേനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുള്ള വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയിൽ മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
അതിക്രൂരമായ പീഡനങ്ങൾക്കാണ് കൊല്ലപ്പെടുന്നതിന് മുമ്പ് മൂന്നുപേരും ഇരയായത്. അക്രമികൾ അവരുടെ വിരലുകൾ മുറിച്ചുമാറ്റുകയും നഖങ്ങൾ പിഴുതെടുക്കുകയും ചെയ്തതായി ഫോറൻസിക് റിപ്പോട്ടിലുണ്ട്. പിന്നീട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഇവരുടെ വിരലുകൾ മുറിച്ചുമാറ്റുകയും നഖങ്ങൾ പിഴുതെടുക്കുകയും മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പുരുഷൻമാരും രണ്ട് സ്ത്രീകളുമുൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പ്രാദേശിക സംഘമാണ് കൊലപാതകങ്ങൾ നടത്തിയത്. ഈ സംഘത്തിന്റെ തലവനെന്ന് കരുതുന്ന 20കാരൻ ഒളിവിലാണ്. ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ശനിയാഴ്ച കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതിയാവശ്യപ്പെട്ട് ഇരകളുടെ ബന്ധുക്കൾ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ ആയിരങ്ങളാണ് പങ്കുചേർന്നത്. കൊല്ലപ്പെട്ട പെൺകുട്ടികളുടെ ചിത്രങ്ങളും പേരുകളും അടങ്ങിയ ബാനറുകളുമേന്തിയാണ് പ്രതിഷേധക്കാർ അണിനിരന്നത്. മകൾ അനുഭവിച്ച ക്രൂരതകൾ കാരണം മൃതദേഹം തിരിച്ചറിയാൻ പോലും കഴിഞ്ഞില്ലെന്ന് കൊല്ലപ്പെട്ട ബ്രെൻഡയുടെപിതാവ് ലിയോണൽ ഡെൽ കാസ്റ്റില്ലോ കണ്ണീരോടെ പറഞ്ഞു. രക്താദാഹികൾ എന്നാണ് അദ്ദേഹം കൊലപാതകികളെ വിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.