പാകിസ്താനിലെത്തി സൈന്യത്തെ സംബന്ധിക്കുന്ന നിർണായക വിവരങ്ങൾ കൈമാറി; ചാരവൃത്തിക്ക് ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: പാനിപത്തിൽ നിന്ന് പാക് ചാരൻ അറസ്റ്റിലായതിന് പിന്നാലെ കെയ്താലിൽ നിന്നും ഒരാൾ കൂടി ചാരവൃത്തിക്ക് അറസ്റ്റിലായി. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ പാകിസ്താന് കൈമാറിയെന്ന് കെയ്താൽ പൊലീസ് സൂപ്രണ്ട് അസ്ത മോദി പറഞ്ഞു.

മസ്താഗ് ഗ്രാമത്തിൽ നിന്നുള്ള ദേവേന്ദർ സിങ്ങാണ് പിടിയിലായത്. കർതാപൂർ ഇടനാഴി വഴി പാകിസ്താനിലെത്തി ഇയാൾ സൈന്യത്തെ സംബന്ധിക്കുന്ന വിവരങ്ങൾ കൈമാറിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ദേവേന്ദർ കർത്താപൂർ ഇടനാഴി വഴി ദേവേന്ദർ പാകിസ്താനിലെത്തിയത്.

ഞായറാഴ്ചയായിരുന്നു തോക്ക് സംസ്കാരം പ്രചരിപ്പിച്ചതിന് ദേവേന്ദറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് വിശദമായ പരിശോധനയിൽ ഇയാൾ പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് വ്യക്തമാവുകയായിരുന്നു. ഫോൺ റെക്കോഡ് ഉൾപ്പടെ പരിശോധിച്ചാണ് ഈയൊരു നിഗമനത്തിലേക്ക് അന്വേഷണസംഘമെത്തിയത്.

തോക്ക് സംസ്കാരം പ്രചരിച്ചുവെന്ന കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഇയാൾക്ക് ജാമ്യം ലഭിക്കുകയായിരുന്നു. പിന്നീട് ചാരവൃത്തി വെളിപ്പെട്ടതോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങൾ ഉൾപ്പടെ ഇയാൾ പാകിസ്താന് കൈമാറിയെന്നാണ് റിപ്പോർട്ട്.

പുതിയ തെളിവുകളുടെ പശ്ചാത്തലത്തിൽ ഭാരതീയ ന്യായ സൻഹിതയിലെ 152ാം വകുപ്പ് പ്രകാരം ദേവേന്ദറിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണസംഘം കൂട്ടിച്ചേർത്തു.

Tags:    
News Summary - Another Pak spy suspect held in Kaithal for sharing military info

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.