ന്യൂയോർക്: ലോകത്ത് കോവിഡ്-19 എന്ന മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് അഞ്ചു മാസമാകുന്നു. ചൈനയിലെ വൂഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത വൈറസ് ഇതിനകം ലോകവ്യാപകമായി 280,432 പേരുടെ ജീവനെടുത്തു. ലോകത്ത് 4,100,796 ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിൽ 1,441,484 പേർ രോഗമുക്തരായി.
വൈറസ് ഏറ്റവും കൂടുതൽ നാശം വിതച്ച യു.എസിൽ 24 മണിക്കൂറിനിടെ 1568 പേർ കോവിഡിന് കീഴടങ്ങിയതോടെ ആകെ മരണം 80,037 ആയി. രാജ്യത്ത് 1,347,309 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 238,078 ആളുകൾ കോവിഡിൽ നിന്ന് മുക്തരായി. മരണനിരക്കിൽ ബ്രിട്ടനാണ് രണ്ടാംസ്ഥാനത്ത്. 31,587 ആളുകളെയാണ് ബ്രിട്ടന് കോവിഡ് മൂലം നഷ്ടമായത്. 215,260 പേർക്ക് ബ്രിട്ടനിൽ രോഗം സ്ഥിരീകരിച്ചു. രോഗബാധ തടയാൻ രാജ്യത്തെത്തുന എല്ലാവരും 14 ദിവസം നിർബന്ധമായി ക്വാറൻറീനിൽ കഴിയണമെന്ന് നിയമം നടപ്പാക്കിയിട്ടുണ്ട്.
ഇറ്റലിയിൽ കോവിഡിൽ നഷ്ടമായത് 30,395 പേരെയാണ്. 218,268 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 103,031 പേർ കോവിഡിൽ നിന്ന് മുക്തരായി. സ്പെയിനിൽ 26,478 ആണ് മരണനിരക്ക്. 262,783 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. 173,157 പേർക്ക് രോഗം ഭേദമായി. സ്പെയിനിൽ മരണനിരക്ക് താഴോട്ടാണ് എന്നത് ശുഭപ്രതീക്ഷ നൽകുന്നു. ശനിയാഴ്ച കോവിഡ് ബാധിച്ച് 229 പേർ മാത്രമാണ് മരിച്ചത്. അതെസമയം രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർധനുണ്ട്. ഫ്രാൻസ് (26,310), ബ്രസീൽ (10,656),ജർമനി (7,549),െബൽജിയം (8,581), ഇറാൻ (6,589) എന്നിവയാണ് മരണനിരക്ക് ഏറ്റവും കൂടുതലുള്ള മറ്റ് രാജ്യങ്ങൾ.
നിയന്ത്രണങ്ങൾ നീക്കുന്നു
കോവിഡ് ഭീതി വിട്ടൊഴിയുന്നതിനിടക്ക് ചില രാജ്യങ്ങളിൽ ലോക്ഡൗണിൽ ഇളവു വരുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ഇറ്റലിയിൽ ഈയാഴ്ചയോടെ ലോക്ഡൗണിൽ ചില ഇളവുകൾ പ്രാബല്യത്തിലാകും. അതത് പ്രദേശത്തുള്ളവർക്ക് കുടുംബാംഗങ്ങളെ കാണാനും ആളുകൾക്ക് വീടിനു പുറത്ത് വ്യായാമം ചെയ്യുന്നതിനും അനുമതിയുണ്ട്.
കോവിഡ് ബാധിച്ചവരുടെ എണ്ണം കുറഞ്ഞതോടെ ഫ്രാൻസും ലോക്ഡൗൺ ഇളവുകൾക്ക് തയാറെടുക്കുകയാണ്. തിങ്കളാഴ്ച മുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കാനാണ് തീരുമാനം. ശനിയാഴ്ച കോവിഡ് ബാധിച്ച് 80 പേരാണ് മരിച്ചത്. ദക്ഷിണാഫ്രിക്കയിൽ പ്രതിപക്ഷത്തിെൻറ നിരന്തര ആവശ്യം അവഗണിച്ച് ലോക്ഡൗൺ തുടരാനാണ് സർക്കാർ തീരുമാനം.
ദക്ഷിണ കൊറിയയിൽ ബാറുകളിലും ക്ലബുകളിലും ആളുകൾ കൂടിനിൽക്കുന്നതിന് വിലക്കുണ്ട്. റഷ്യയിൽ വിജയദിനാഘോഷത്തിെൻറ ഭാഗമായി നടത്താനിരുന്ന സൈനിക പരേഡ് റദ്ദാക്കി. യു.എസിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാവാത്തതിനാൽ ഇലക്ട്രിക് കാർ നിർമാണ കേന്ദ്രത്തിെൻറ ആസ്ഥാനം കാലിഫോർണിയയിൽ നിന്ന് മാറ്റാനുള്ള ഒരുക്കത്തിലാണെന്ന് ടെസ്ല മേധാവി ഇലോൺ മസ്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.