ന്യൂയോര്‍ക്: പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിനെതിരെ രണ്ടാംദിവസവും അമേരിക്കയിലുടനീളം പ്രതിഷേധം തുടരുന്നു. ഓറിഗണിലെ പോര്‍ട്ട്ലന്‍ഡില്‍ പ്രതിഷേധപ്രകടനം സംഘര്‍ഷത്തിലേക്ക് വഴിമാറി. ആയിരക്കണക്കിന് ആളുകള്‍ ഇവിടെ സംഘടിച്ചു. പ്രതിഷേധക്കാര്‍ നഗരത്തിലെ കടകളും കാറിന്‍െറ ചില്ലുകളും തകര്‍ത്തു. പടക്കവും കല്ലുകളും വലിച്ചെറിഞ്ഞു. പ്രദേശത്ത് കലാപം ഉടലെടുത്തതായി പൊലീസ് പ്രഖ്യാപിച്ചു. നിരവധിപേരെ അറസ്റ്റ് ചെയ്തു.
ചില നഗരങ്ങളിലെ പ്രതിഷേധങ്ങള്‍ക്ക് ശക്തി കുറഞ്ഞിട്ടുണ്ട്. അമേരിക്കയെ ഭിന്നിപ്പിക്കുന്ന ട്രംപിനെ പ്രസിഡന്‍റായി വേണ്ടെന്നാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യം. അതിനിടെ മാധ്യമങ്ങളാണ് ആളുകളെ പ്രതിഷേധത്തിലേക്ക് തള്ളിവിടുന്നതെന്നും അത് അന്യായമാണെന്നും ഡോണള്‍ഡ് ട്രംപ് ആരോപിച്ചു. ‘സുതാര്യ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ അടുത്ത പ്രസിഡന്‍റിനെ തെരഞ്ഞെടുത്തു. അതിനുശേഷം പ്രതിഷേധം പുകയുന്നു. അവരെ പ്രചോദിപ്പിക്കുന്നത് മാധ്യമങ്ങളാണ്. തീര്‍ത്തും അനീതിയാണിത്’ -ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
പ്രതിഷേധക്കാരില്‍ കൂടുതലും യുവാക്കളാണ്. ട്രംപ് യുഗം അമേരിക്കയെ വംശീയമായി ഭിന്നിപ്പിക്കുമെന്നാണ് യുവാക്കളുടെ ഭയം. ന്യൂയോര്‍ക്, സാന്‍ഫ്രാന്‍സിസ്കോ, കോളറാഡോ, ലോസ് ആഞ്ജലസ്, സീറ്റില്‍ എന്നീ നഗരങ്ങളിലാണ് കൂടുതല്‍ പ്രതിഷേധമുയര്‍ന്നത്. സമാധാനപരമായി പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
വൈറ്റ്ഹൗസിനും ട്രംപിന്‍െറ വ്യാപാരസമുച്ചയങ്ങള്‍ക്കും പുറത്ത് പ്രതിഷേധക്കാര്‍ തമ്പടിച്ചു. വെള്ളിയാഴ്ച രാവിലെയും പ്രതിഷേധം തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.